പാപ്പയുടെ ബലിയര്‍പ്പണം: യു‌എ‌ഇയില്‍ അവധി പ്രഖ്യാപിച്ചു

അബുദാബി: മാര്‍പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന് മൂന്നു ദിവസങ്ങള്‍ ശേഷിക്കേ പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇന്നു അല്പ്പം മുന്‍പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൈദ് സ്പോർട്സ് സിറ്റിയിൽ ഫെബ്രുവരി അഞ്ചിനാണ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക. സൗജന്യ പാസ് മുഖേനെയാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കിയിട്ടുള്ളത്. പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും.

നേരത്തെ യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളില്‍ നിന്നും സൗജന്യ ഷട്ടില്‍ സര്‍വ്വീസുകള്‍ മാര്‍പാപ്പ ബലി അര്‍പ്പിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് ക്രമീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുന്ന ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിമുപ്പത്തിഅയ്യായിരം പേരെയാണ് പാപ്പ ബലി അര്‍പ്പിക്കുന്ന സൈദ് സ്പോർട്സ് സിറ്റിയിൽ ഉൾകൊള്ളാൻ കഴിയുക.

ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനത്തിന് വലിയ രീതിയിലുള്ള ക്രമീകരണമാണ് ഗള്‍ഫില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഇതിന് ഊര്‍ജ്ജം പകരുന്നതാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here