ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (29:17-24)
(അന്ന് അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം ലഭിക്കും)
കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ലബനോന്‍ ഫലസമൃദ്ധമായ ഒരു വയലായിത്തീരാനും അത് ഒരു വനമായി പരിഗണിക്കപ്പെടാനും അല്പസമയം പോരേ? അന്നു ചെകിടര്‍ ഗ്രന്ഥത്തിലെ വാക്കുകള്‍ വായിച്ചുകേള്‍ക്കുകയും അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം ലഭിക്കുകയും ചെയ്യും. ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രര്‍ ഇസ്രായേലിന്റെപരിശുദ്ധനില് ആഹ്ളാദിക്കും. നിര്‍ദയര്‍ അപ്രത്യക്ഷരാവുകയും നിന്ദകര്‍ ഇല്ലാതാവുകയും തിന്മ ചെയ്യാന്‍ നോക്കിയിരിക്കുന്നവര്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യും. അവര്‍ ഒരുവനെ ഒരു വാക്കില്‍ പിടിച്ചു കുറ്റക്കാരനാക്കുകയും നഗരകവാടത്തിങ്കലിരുന്നു ശാസിക്കുന്നവനു കെണിവയ്ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ടു നീതിമാനു നീതി നിഷേധിക്കുകയും ചെയ്യുന്നു. അബ്രാഹത്തെ രക്ഷിച്ച കര്‍ത്താവ് യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: യാക്കോബ് ഇനിമേല്‍ ലജ്ജിതനാവുകയില്ല; ഇനിമേല്‍ അവന്റെ മുഖം വിവര്ണമാവുകയില്ല. ഞാന്‍ ജനത്തിന്റെ മദ്ധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്റെ സന്തതി എന്റെ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്റെ പരിശുദ്ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്റെ ദൈവത്തിന്റെ മുന്പില് ഭക്തിയോടെ അവര്‍ നിലകൊള്ളും. തെറ്റിലേക്കു വഴുതിപ്പോയവര്‍ വിവേകത്തിലേക്കു മടങ്ങിവരും; പിറുപിറുത്തിരുന്നവര്‍ ഉപദേശം സ്വീകരിക്കും.
കര്‍ത്താവിന്റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(27: 1,4,13-14)
R (v . 1) കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
1. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
R കര്‍ത്താവ് എന്റെ………….
2.ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.
R കര്‍ത്താവ് എന്റെ………….
3. ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവംലംബിക്കുവിന്; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
അല്ലേലൂയാ!
അല്ലേലൂയാ! അവിടുത്തെ ദാസരുടെ കണ്ണുകള്‍ പ്രകാശിപ്പിക്കാന്‍ ഇതാ നമ്മുടെ കര്‍ത്താവ് പ്രതാപത്തോടെ വരുന്നു. അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (9:27-31)
(യേശുവില്‍ വിശ്വസിച്ച രണ്ട് അന്ധന്മാര്ക്കു കാഴ്ച ലഭിക്കുന്നു)
അക്കാലത്ത്, യേശു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു. അവന് ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര് അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നുപറഞ്ഞുകൊണ്ട് അവന് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനടയാകരുത് എന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു. എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.
കര്‍ത്താവിന്റെ സുവിശേഷം.