ആഗമനകാലം ഒന്നാം വാരം : ചൊവ്വ (4/12/18)

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (11:1-10)
(കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെമേല്‍ ആവസിക്കും)
അക്കാലത്ത്, ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്‍റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ഉപദേശത്തിന്‍റെയും ശക്തിയുടെയും ആത്മാവ്, അറിവിന്‍റെയും ദൈവഭക്തിയുടെയും ആത്മാവ്, അവന്‍ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല. ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്‍റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപൊത്തിനു മുകളില്‍ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്‍റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും. അന്ന് ജസ്സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും. ജനതകള്‍ അവനെ അന്വേഷിക്കും. അവന്‍റെ ഭവനം മഹത്വപൂര്‍ണ്ണമായിരിക്കും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(72: 1-2,7-8,12-13,17)
R (cf. v.7) അവന്‍റെ കാലത്തു നീതി തഴച്ചുവളരട്ടെ! എന്നേക്കും സമാധാനം സമൃദ്ധമായി പുലരട്ടെ!
1. ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍കണമേ! അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!
R  അവന്‍റെ കാലത്തു നീതി………….
2. അവന്‍റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും അവന്‍റെ ആധിപത്യം നിലനില്‍ക്കട്ടെ!
R അവന്‍റെ കാലത്തു നീതി………….
3. നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും. ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.
R അവന്‍റെ കാലത്തു നീതി………….
4. അവന്‍റെ നാമം നിത്യം നിലനില്‍ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലം അവന്‍റെ കീര്‍ത്തി നിലനില്‍ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്പരം ആശംസിക്കട്ടെ! ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.
R അവന്‍റെ കാലത്തു നീതി………….
അല്ലേലൂയാ!
അല്ലേലൂയാ! അവിടുത്തെ ദാസരുടെ കണ്ണുകള്‍ പ്രകാശിക്കാന്‍ ഇതാ, നമ്മുടെ കര്‍ത്താവ് പ്രതാപത്തോടെ വരുന്നു. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (10:21-24)
(യേശു പരിശുദ്ധാത്മാവില്‍ ആനന്ദിക്കുന്നു)
അക്കാലത്ത്, യേശു പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, പറഞ്ഞു: സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്‍മാരില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. അവന്‍ ശിഷ്യന്‍മാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ. എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്‍മാരും രാജാക്കന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here