രണ്ടാം വര്‍ഷം – 29/11/2018

ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന്
(18:1-2, 21-23, 19: 1-3,9)
(മഹാബാബിലോണ്‍ വീണു)
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍നിന്നു വേറൊരു ദൂതന്‍ ഇറങ്ങിവരുന്നതു കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു. അവന്‍റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു. അവന്‍റെ ശക്തമായ സ്വരത്തില്‍ വിളിച്ചു പറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു. അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകല പക്ഷികളുടെയും താവളവുമായി. അനന്തരം, ശക്തനായ ഒരു ദൂതന്‍ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല. വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളംവിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ദരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്‍റെ സ്വരം നിന്നില്‍നിന്ന് ഉയരുകയില്ല. ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്‍മാരായിരുന്നു. നിന്‍റെ ആഭിചാരംകൊണ്ട് സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്തു. സകലരുടേയും രക്തം അവളില്‍ കാണപ്പെട്ടു.
ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലൂയാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്‍റേതാണ്. അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു. രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേല്ലൂയാ!അവളുടെ പുക എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ദൂതന്‍ എന്നോടു പറഞ്ഞു: എഴുതുക; കുഞ്ഞാടിന്‍റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(100:1-2,3,4,5)
R (വെളി.19:9a) കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍.
1. ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. സന്തോഷത്തോടെ കര്‍ത്താവിനു ശ്രുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
R കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്………………
2. കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
R കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്………………
3. കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദിപറയുവിന്‍; അവിടുത്തെ നാമം വാഴ്ത്തുവിന്‍.
R കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്………………
4. കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.
R കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്………………
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.21:28) നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:20-28)
(ജറുസലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍
അതിന്‍റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ജറുസലെമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍. അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ. കാരണം, എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്‍റെ ദിവസങ്ങളാണ് അവ. ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്‍മേല്‍ വലിയക്രോധവും നിപതിക്കും. അവര്‍ വാളിന്‍റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയനെ ചവിട്ടമെതിക്കും. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്‍റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയും കൊണ്ട് ഭൂവാസികള്‍ അസ്ത്രപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തിനില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സംഭവിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here