രണ്ടാം വര്‍ഷം – 28/11/2018

ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (15:1-4)
(അവര്‍ മോശയുടെയും കുഞ്ഞാടിന്‍റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു)
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്‍റെ ക്രോധം അവസാനിക്കുന്നത്.
അഗ്നിമയമായ പളുങ്കുകകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍മേലും അവന്‍റെ പ്രതിമയിന്‍മേലും അവന്‍റെ നാമസംഖ്യയിന്‍മേലും വിജയംവരിച്ച്, ദൈവത്തിന്‍റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെയും കുഞ്ഞാടിന്‍റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.

കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 98:1-2-3ab,7-8,9)
R (15:3b) സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍. അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R സര്‍വശക്തനും ദൈവവുമായ………………
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R സര്‍വശക്തനും ദൈവവുമായ………………
3. സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ! ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ! കര്‍ത്താവിന്‍റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച് ആനന്ദഗീതമാലപിക്കട്ടെ!
R സര്‍വശക്തനും ദൈവവുമായ………………
4. അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.
R സര്‍വശക്തനും ദൈവവുമായ………………
അല്ലേലൂയാ!
അല്ലേലൂയാ! (വെളി.2:10c) കര്‍ത്താവ് അരുളിച്ചെയ്യുന്നു: മരണംവരെ വിശ്വസ്തരായിരിക്കുക; ജീവന്‍റെ കിരീടം നിനക്കു നല്‍കും. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:12-19)
(എന്‍റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും
നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിചെയ്തു: എന്‍റെ നാമത്തെപ്രതി അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്‍റെ നാമത്തെ പ്രതി രാജാക്കന്‍മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. എന്‍റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here