രണ്ടാം വര്‍ഷം – 27/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (4: 7-16)
(ശ്രിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം
വളരേണ്ടിയിരിക്കുന്നു)
സഹോദരരേ, നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്‍റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് അരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടു പോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്തുവെന്നതിന്‍റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഉറങ്ങിയെന്നുകൂടിയല്ലേ? ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍ വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണം ചെയ്തവനും. അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷവന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്‍റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്‍റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു. നാം ഇനിമേല്‍ തെറ്റിന്‍റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. പ്രത്യുത, സ്നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. അവന്‍വഴി ശരീരംമുഴുവന്‍, ഓരോ സന്ധിബന്ധവും അതതിന്‍റെ ജോലി നിര്‍വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട്, വളരുകയും സ്നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(122:1-2, 3-4a,4b-5)
R (v.I) കര്‍ത്താവിന്‍റെ ആലയത്തിലേക്കു സന്തോഷത്തോടെ നമുക്കു പോകാം.
1. കര്‍ത്താവിന്‍റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജറുസലേമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.
R കര്‍ത്താവിന്‍റെ ആലയത്തിലേക്കു…….
2. നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം. അതിലേക്കു ഗോത്രങ്ങള്‍ വരുന്നു, കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍.
ഞ കര്‍ത്താവിന്‍റെ ആലയത്തിലേക്കു……
3. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്‍റെ നാമത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു. അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരിക്കുന്നു; ദാവീദ് ഭവനത്തിന്‍റെ ന്യായാസനങ്ങള്‍.
R കര്‍ത്താവിന്‍റെ ആലയത്തിലേക്കു……
അല്ലേലൂയാ!
അല്ലേലൂയാ! (എസെ.33:11) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:1-9)
(പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും)
അക്കാലത്ത്, ഗലീലിയാക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു. അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നു നോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്‍റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here