രണ്ടാം വര്‍ഷം – 23/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (2: 12-22)
(അവന്‍ നമ്മുടെ സമാധാനമാണ്; ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിച്ചു)
സഹോദരരേ, ഒരിക്കല്‍ നിങ്ങള്‍ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തിന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക. എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസിതുവില്‍ അവന്‍റെ രക്തം വഴി സമീപസ്ഥരായിരിക്കുന്നു.
കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു. കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്‍റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേ ശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരജ്ഞിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്. വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു. അതിനാല്‍, അവിനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്‍റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു. ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്‍മാരും പ്രവാചകന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്‍റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(85:8ab-9, 10-11, 12-13)
R (v.8 ) കര്‍ത്താവ് തന്‍റെ ജനത്തിന് സമാധാനം അരുളും.
1. കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും; അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
R കര്‍ത്താവ് തന്‍റെ ജനത്തിന്…….
2. കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പര്സപരം ചുംബിക്കും. ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
R കര്‍ത്താവ് തന്‍റെ ജനത്തിന്…….
3. കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.
R കര്‍ത്താവ് തന്‍റെ ജനത്തിന്…….
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.21:36) മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍ – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (12:35-38)
(യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍
ഭാഗ്യവാന്‍മാര്‍)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍. തങ്ങളുടെ യജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്‍റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍. യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവന്‍ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭൃത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here