രണ്ടാം വര്‍ഷം – 13/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (3: 22-29)
(~വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്)
സഹോദരരേ, യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി വിശ്വാസികള്‍ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിനധീനരാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു. വിശ്വാസം ആവിര്‍ഭവിക്കുന്നതിനുമുമ്പ് നമ്മള്‍ നിയമത്തിന്‍റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായി കഴിയുകയും ചെയ്തു. തന്നിമിത്തം നമ്മള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്‍റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു. ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക് നമ്മള്‍ പാലകന് അധീനരല്ല.
യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്. നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്‍റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(105:2-3,4-5,6-7)
R (v.8b) കര്‍ത്താവു തന്‍റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
R കര്‍ത്താവു തന്‍റെ ഉടമ്പടി……..
2. കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിദ്ധ്യം തേടുവിന്‍. അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയുംതന്നെ.
R കര്‍ത്താവു തന്‍റെ ഉടമ്പടി……..
3. അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്‍റെ മക്കളേ. ഓര്‍മിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.
R കര്‍ത്താവു തന്‍റെ ഉടമ്പടി……..
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.11:28) ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:27-28)
(നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളത്; ദൈവവചനംകേട്ട് അതു
പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന്‍ പറഞ്ഞു: ദൈവവചനംകേട്ട് അതുപാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here