രണ്ടാം വര്‍ഷം – 11/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (3: 1-5)
(~നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്‍റെ അനുഷ്ഠാനത്താലോ,
അതോ വിശ്വാസത്തിന്‍റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത്
വിശ്വസിച്ചതുകൊണ്ടോ?)
ഭോഷന്‍മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്? ഇതുമാത്രം നിങ്ങളില്‍ നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്‍റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്‍റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ? ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍? നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ത്ഥമായിരുന്നുവോ – തീര്‍ത്തും വ്യര്‍ഥം? നിങ്ങള്‍ക്ക് ആത്മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(ലൂക്കാ.1:69-70,71-72,73-75)
R (v.68) ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്‍റെ ജനത്തെ സന്ദര്‍ശിച്ചു.
1. ആദിമുതല്‍ തന്‍റെ വിശുദ്ധന്‍മാരായ പ്രവാചകന്‍മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ, തന്‍റെ ദാസനായ ദാവീദിന്‍റെ ഭവനത്തില്‍ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി.
R ഇസ്രായേലിന്‍റെ ദൈവമായ……..
2. ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയില്‍ നിന്നും നമ്മെ രക്ഷിക്കാനും നമ്മുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത കാരുണ്യം നിവര്‍ത്തിക്കാനുമാണ് ഇത്.
R ഇസ്രായേലിന്‍റെ ദൈവമായ……..
3. നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശ്രുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നല്‍കാനുമായിട്ടാണ് ഇത്.
R ഇസ്രായേലിന്‍റെ ദൈവമായ……..
അല്ലേലൂയാ!
അല്ലേലൂയാ! (cf.അപ്പ.പ്രവ.16:14b) കര്‍ത്താവേ, അങ്ങയുടെ പുത്രന്‍റെ വചനങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങളുടെ ഹൃദയം തുറക്കണമേ. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:5-13)
(ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നിങ്ങളിലൊരുവന് ഒരു സ്ന്ഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്‍റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതന്‍ യാത്രാമധ്യേ എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്‍റെ സ്നേഹിതന്‍ അകത്തു നിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്‍റെ കുഞ്ഞുങ്ങളും എന്‍റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്നേഹിതനാണ് എന്നതിന്‍റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here