രണ്ടാം വര്‍ഷം – 4/8/2018

ഒന്നാം വായന
ജറെമിയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (26:11-16,24)
(ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ്
എന്നെ അയച്ചിരിക്കുന്നത്)
അക്കാലത്ത്, പുരോഹിതന്‍മാരും പ്രവാചകന്‍മാരും പ്രഭുക്കന്‍മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍ മരണത്തിന് അര്‍ഹനാണ്, എന്തെന്നാല്‍, ഇവന്‍ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു: നിങ്ങള്‍തന്നെ കേട്ടതാണല്ലോ.
അപ്പോള്‍ പ്രഭുക്കന്‍മാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങള്‍ കേട്ട വാക്കുകള്‍ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചത്. നിങ്ങളുടെ മാര്‍ഗങ്ങളും ചെയ്തികളും നന്നാക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിക്കുവിന്‍. നിങ്ങള്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ അവിടുന്ന് അനുതപിക്കും. ഞാനിതാ നിങ്ങളുടെ കൈകളിലാണ്. നീതിയും യുക്തവും എന്നു നിങ്ങള്‍ക്കു തോന്നുന്നത് ചെയ്തുകൊള്ളുക. എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെയും ഈ നഗരത്തിന്‍റെയും നഗരവാസികളുടെയുംമേല്‍ നിഷ്കളങ്കരക്തമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ് എന്നെ അയച്ചിരിക്കുന്നത്. അപ്പോള്‍ പ്രഭുക്കന്‍മാരും ജനവും പുരോഹിതന്‍മാരോടും പ്രവാചകന്‍മാരോടും പറഞ്ഞു: ഇവന്‍ മരണശിക്ഷയ്ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്‍റെ നാമത്തിലാണ് ഇവന്‍ സംസാരിച്ചത്. ജനം ജറെമിയായെ വധിക്കാതെ ഷാഫാന്‍റെ പുത്രന്‍ അഹിക്കാം അവനെ രക്ഷിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(69:14-15, 29-30, 32-33)
R (v.13) ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
1. രക്ഷയുടെവാഗ്ദാനത്തില്‍ അങ്ങ് വിശ്വസ്തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്നും സമദ്രത്തിന്‍റെ ആഴത്തില്‍നിന്നും എന്നെ മോചിപ്പിക്കണമേ! ജലം എന്‍റെമേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ.
R ദൈവമേ, കരുണാസമ്പന്നനായ………..
2. ഞാന്‍ പീഢിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാന്‍ ദൈവത്തിന്‍റെ നാമത്തെ പാടി സ്തുതിക്കും, കൃതജ്ഞതാസ്തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
R ദൈവമേ, കരുണാസമ്പന്നനായ………..
3. പീഡിതര്‍ അതു കണ്ട് ആഹ്ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷഭരിതമാകട്ടെ! കര്‍ത്താവു ദരിദ്രന്‍റെ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.
R ദൈവമേ, കരുണാസമ്പന്നനായ………..
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.5:10) നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (14:1-12)
(ഹേറോദേസ് ആളയച്ചു യോഹന്നാന്‍റെ തല വെട്ടിയെടുത്തു;
യോഹന്നാന്‍റെ ശിഷ്യര്‍ യേശുവിനെ വിവരമറിയിച്ചു)
അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, തന്‍റെ സേവകന്‍മാരോടു പറഞ്ഞു: ഇവന്‍ സ്നാപകയോഹന്നാനാണ്. മരിച്ചവരില്‍നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. ഹോറോദേസ് യോഹന്നാനെ ബന്ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്‍റെ ഭാര്യ ഹോറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്തത്. എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല. ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
ഹേറോദേസിന്‍റെ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു. തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു. അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്നാപകയോഹന്നാന്‍റെ ശിരസ്സ് ഒരു തളികയില്‍വച്ച് എനിക്കു തരുക. രാജാവു ദുഃഖിതനായി; എങ്കിലും തന്‍റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ കാരാഗൃഹത്തില്‍ ആളയച്ച് യോഹന്നാന്‍റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത് അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി. അവന്‍റെ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here