രണ്ടാം വര്‍ഷം – 26/6/2018

ഒന്നാം വായന
രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍നിന്ന്
(19:9യ-11,14-21,31-35മ,36)
(എനിക്കും എന്‍റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ
പ്രതിരോധിച്ചു രക്ഷിക്കും)
അക്കാലത്ത്, അസ്സീറിയാ രാജാവായ സെന്നാക്കെരീബ് ദൂതന്‍മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‍പിച്ചു: ജറുസലെം അസ്സീറിയാ രാജാവിന്‍റെ കൈയില്‍ ഏല്‍പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്. എല്ലാ രാജ്യങ്ങളെയും തീര്‍ത്തും നശിപ്പിക്കുന്ന അസ്സീറിയാ രാജാക്കന്‍മാരുടെ പ്രവൃത്തികള്‍ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ?
ഹെസക്കിയാ ദൂതന്‍മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്‍പില്‍ വച്ചു. അവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥനായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നു മാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കാന്‍ സെന്നാക്കെരീബ് പറഞ്ഞയച്ച വാക്കു കേട്ടാലും! കര്‍ത്താവേ, അസ്സീറിയാ രാജാക്കള്‍ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു. അവരുടെ ദേവന്‍മാരെ അഗ്നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ല; മരത്തിലും കല്ലിലും മനുഷ്യര്‍ പണിതുണ്ടാക്കിയവയായിരുന്നു. അതിനാല്‍, അവ നശിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവന്‍റെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ!കര്‍ത്താവേ, അങ്ങു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകള്‍ അറിയട്ടെ!
ആമോസിന്‍റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്ദേശമയച്ചു: ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അസ്സീറിയാ രാജാവായ സെന്നാക്കെരീബിനെക്കുറിച്ചു നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു. അവനെക്കുറിച്ച് കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു; ജറുസലെമില്‍നിന്ന് ഒരു അവശിഷ്ടഭാഗവും സീയോന്‍മലയില്‍നിന്ന് അതിജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കര്‍ത്താവിന്‍റെ തീക്ഷ്ണത ഇത് നിര്‍വഹിക്കും. അസ്സീറിയാ രാജാവിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു, അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ ഇവിടെ അസ്ത്രം എയ്യുകയോ പരിച ധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധം നിര്‍മിക്കുകയോ ചെയ്യുകയില്ല. അവന്‍ നഗരത്തില്‍ പ്രവേശിക്കാതെ വന്ന വഴിയെ മടങ്ങുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. എനിക്കും എന്‍റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും.
അന്നു രാത്രി കര്‍ത്താവിന്‍റെ ദൂതന്‍ അസ്സീറിയാ പാളയത്തില്‍ കടന്ന് ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരംപേരെ വധിച്ചു. പ്രഭാതത്തില്‍ ആളുകള്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ ജഡമായി മാറിയിരിക്കുന്നതു കണ്ടു. പിന്നെ അസ്സീറിയാരാജാവായ സെന്നാക്കെരീബ് അവിടെനിന്ന് നിനെവേയിലേക്കു പോയി, അവിടെ താമസിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(48: 1-2a, 2ab-3,9-10)
R (v.8b) ദൈവം എന്നേക്കുമായി തന്‍റെ നഗരത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
1. കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനാണ്. ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധ ഗിരി ഭൂമി മുഴുവന്‍റെയും സന്തോഷമാണ്.
R ദൈവം എന്നേക്കുമായി …………..
2. അങ്ങു വടക്കുള്ള സീയോന്‍ പര്‍വതം ഉന്നതനായ രാജാവിന്‍റെ നഗരമാണ്. അതിന്‍റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
R ദൈവം എന്നേക്കുമായി …………..
3. ദൈവമേ, അങ്ങയുടെ ആലയത്തില്‍ ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു. ദൈവമേ, അങ്ങയുടെ നാമമെന്ന പോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയംകൊണ്ടു നിറഞ്ഞിരിക്കുന്നു.
R  ദൈവം എന്നേക്കുമായി …………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.8:12) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (7:6,12-14)
(മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം
നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.
മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here