രണ്ടാം വര്‍ഷം – 25/6/2018

ഒന്നാം വായന
രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍നിന്ന്
(17:5-8,13-15മ,18)
(കര്‍ത്താവ് ഇസ്രായേലിനെ തന്‍റെ കണ്‍മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു.
യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല)
അക്കാലത്ത്, അസ്സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായില്‍വന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഹോസിയായുടെ ഒന്‍പതാം ഭരണവര്‍ഷം അസ്സീറിയാരാജാവ് സമരിയാ അധീനമാക്കി, ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മെദിയാനഗരങ്ങളിലും പാര്‍പ്പിച്ചു.
ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തില്‍നിന്ന്, ഫറവോരാജാവിന്‍റെ അടിമത്തത്തില്‍നിന്ന്, മോചിപ്പിച്ച തങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരെ ഇസ്രായേല്‍ ജനം പാപം ചെയ്തു; അവര്‍ അന്യദേവന്‍മാരോടു ഭക്ത്യാദരങ്ങള്‍ കാണിക്കുകയും, കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്‍റെ മുന്‍പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ ആചാരങ്ങളിലും ഇസ്രായേല്‍രാജാക്കന്‍മാര്‍ ആവിഷ്കരിച്ച അനുഷ്ഠാനങ്ങളിലും വ്യാപരിക്കുകയും ചെയ്തു.
കര്‍ത്താവ് പ്രവാചകന്‍മാരെയും ദീര്‍ഘദര്‍ശികളെയും അയച്ച്, ഇസ്രായേലിനും യൂദായ്ക്കും ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരുന്നു: നിങ്ങളുടെ പിതാക്കന്‍മാരോടു ഞാന്‍ കല്‍പിക്കുകയും, എന്‍റെ ദാസന്‍മാരായ പ്രവാചകരിലൂടെ അറിയിക്കുകയും ചെയ്ത നിയമങ്ങള്‍ അനുസരിച്ച് ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് പിന്‍മാറുകയും എന്‍റെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍. അവര്‍ അതു വകവച്ചില്ല. ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കാതിരുന്ന തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു നല്‍കിയ കല്‍പനകളും ഇടമ്പടിയും തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു. അതിനാല്‍, കര്‍ത്താവ് ഇസ്രായേലിന്‍റെ നേരേ ക്രുദ്ധനായി അവരെ തന്‍റെ കണ്‍മുന്‍പില്‍നിന്നു നീക്കിക്കളഞ്ഞു. യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(60: 1-2, 3-4,5-6,10-11)
R (v.5) കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകേട്ട് അങ്ങയുടെ വലത്തുകൈയാല്‍ ഞങ്ങളെ രക്ഷിക്കണമേ!
1. ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു; ഞങ്ങളെ കടാക്ഷിക്കണമേ!
ഞ കര്‍ത്താവേ, ഞങ്ങളുടെ …………..
2. അവിടുന്നു ഭൂമിയെ വിറപ്പിച്ചു, അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്‍റെ വിള്ളലുകള്‍ നികത്തണമേ! അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു. അങ്ങു സ്വന്തം ജനത്തെ കഠിന യാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിശ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.
R കര്‍ത്താവേ, ഞങ്ങളുടെ …………..
3. ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ. ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്‍റെ സഹായം വ്യര്‍ഥമാണ്.
R കര്‍ത്താവേ, ഞങ്ങളുടെ …………..
അല്ലേലൂയാ!
അല്ലേലൂയാ!(ഹെബ്രാ.4:12) ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (7:1-5)
(ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നെതന്തുകൊണ്ട്? അഥവാ, നിന്‍റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്‍റെ കണ്ണില്‍നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെപറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here