രണ്ടാം വര്‍ഷം – 30/5/2018

ഒന്നാം വായന
വി.പത്രോസ് എഴുതിയ ലേഖനത്തില്‍നിന്ന ്(1:18-25)
(നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റേതു
പോലുള്ള ക്രിസ്തുവിന്‍റെ അമൂല്യ രക്തംകൊണ്ടത്രേ)
സഹോദരരേ, പിതാക്കന്‍മാരില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റേതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ.
അവനാകട്ടെ, ലോകസ്ഥാപനത്തിനുമുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവരും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്. അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍, അവന്‍ മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ആയിരിക്കുകയും ചെയ്യുന്നു.
സത്യത്തോടുള്ള വിധേയത്വംവഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായി ഗാഢമായും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ് – സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്, എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ പുല്ലിന്‍റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു. എന്നാല്‍, കര്‍ത്താവിന്‍റെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(147:12-13,14-15,19-20)
R (v.12a) ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക; സീയോനേ, നിന്‍റെ ദൈവത്തെ പുകഴ്ത്തുക. നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്‍റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടുന്ന് അനുഗ്രഹിക്കുന്നു.
R ജറുസലെമേ, കര്‍ത്താവിനെ ………….
2. അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം സ്ഥാപിക്കുന്നു; അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെ തൃപ്തയാക്കുന്നു. അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു; അവിടുത്തെ വചനം പാഞ്ഞു വരുന്നു.
R ജറുസലെമേ, കര്‍ത്താവിനെ ………….
3. അവിടുന്ന് യാക്കോബിനു തന്‍റെ കല്‍പനയും ഇസ്രായേലിനു തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ്.
R ജറുസലെമേ, കര്‍ത്താവിനെ ………….
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍ക്കോ.10:45) മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (10:32-45)
(ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന
പുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും)
അക്കാലത്ത്, യേശുവും ശിഷ്യന്‍മാരും ജറുസലെമിലേക്കുള്ള വഴിയെ നടന്നുപോവുകയായിരുന്നു. യേശു അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു; അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അവന്‍ പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന പുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും. അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും അവന്‍റെമേല്‍ തുപ്പുകയും അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
സെബദീപുത്രന്‍മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു: യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാനം നിങ്ങള്‍ സ്വീകരിക്കും. എന്നാല്‍, എന്‍റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജായതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല. ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here