പെസഹാക്കാലം രണ്ടാം വാരം: ബുധന്‍ – 11/4/2018

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (5:17-26) (ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍നിന്നുകൊണ്ടു
ജനങ്ങളെ പഠിപ്പിക്കുന്നു )
അക്കാലത്ത്, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നു നിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ് അപ്പസേതോലന്‍മാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു. രാത്രി കര്‍ത്താവിന്‍റെ ദൂതന്‍ കാരാഗഹവാതിലുകള്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്‍റെ ഈ വചനം പ്രസംഗിക്കുവിന്‍.
അവര്‍ ഇതുകേട്ട് പ്രഭാതമായപ്പോള്‍ ദേവാലയത്തില്‍ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരന്‍മാരും ഒന്നിച്ചുകൂടി ന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖന്‍മാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയും ചെയ്തു. ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു: കാരാഗൃഹത്തിന്‍റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍നില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല. ഇതു കേട്ടപ്പോള്‍ ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്‍മാരും ഇതിന്‍റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി. അപ്പോള്‍ ഒരാള്‍വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍നിന്നു കൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു. അപ്പോള്‍ സേനാധിപന്‍ സേവകന്‍മാരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(34:1-2,3-4,5-6,7-8)
R ( v.6a) ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്‍റെ അധരങ്ങളിലുണ്ടായിരിക്കും. കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
R ഈ എളിയവന്‍ നിലവിളിച്ചു …………
2. എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം. ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമുരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
R ഈ എളിയവന്‍ നിലവിളിച്ചു …………
3. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
R ഈ എളിയവന്‍ നിലവിളിച്ചു …………
4. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവര്‍ ഭാഗ്യവാന്‍.
R ഈ എളിയവന്‍ നിലവിളിച്ചു …………
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.3:16) അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. – അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (3:16-21)
(ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് അവന്‍വഴി ലോകം
രക്ഷപ്രാപിക്കാനാണ്)
അക്കാലത്ത്, യേശു നിക്കൊദേമോസിനോട് അരുളിച്ചെയ്തു: തന്‍റെ ഏകജാതനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. തിന്‍മ പ്രവര്‍ത്തികുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here