ആണ്ടുവട്ടത്തിലെ ആറാം ഞായര്‍ – 11/2/2018

ഒന്നാംവായന
ലേവ്യരുടെ പുസ്തകത്തില്‍ നിന്ന് (13:1-2,44-46)
(കുഷ്ഠരോഗികള്‍ തനിച്ചു പാളയത്തിനു വെളിയില്‍ വസിക്കേണ്ടിയിരിക്കുന്നു)
കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയും ചെയ്താല്‍, പുരോഹിതനായ അഹറോന്‍റെയോ അവന്‍റെ പുത്രന്‍മാരായ പുരോഹിതന്‍മാരില്‍ ഒരുവന്‍റെയോ അടുക്കല്‍ അവനെ കൊണ്ടുപോകണം. തടിപ്പു ശരീരത്തില്‍ കാണുന്നതുപോലെ ചെമപ്പുകലര്‍ന്ന വെള്ളനിറമുള്ളതാണെങ്കില്‍ അവന്‍ കുഷ്ഠരോഗിയും അശുദ്ധനുമാണ്;അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്‍ച്ചുണ്ട് തുണികൊണ്ടു മറയ്ക്കുകയും അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറയുകയും വേണം. രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അവന്‍ പാളയത്തിനു വെളിയില്‍ ഒരുപാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (95:1-2,6-7,8-9)
R (v 7)അവിടുന്ന് എന്‍റെ അഭയസങ്കേതമാണ്
രക്ഷകൊണ്ട് അങ്ങ് എന്നെ പൊതിയുന്നു.
1. അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും
ലഭിച്ചവന്‍ ഭാഗ്യവാന്‍.
കര്‍ത്താവു കുറ്റം ചുമത്താത്തവനും ഹൃദയത്തില്‍
വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.
R അവിടുന്ന് എന്‍റെ………….
2. എന്‍റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റുപറഞ്ഞു;
എന്‍റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല;
എന്‍റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍
ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു:
അപ്പോള്‍ എന്‍റെ പാപം അവിടുന്നു ക്ഷമിച്ചു.
R അവിടുന്ന് എന്‍റെ………….
3. നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍,
പരമാര്‍ഥഹൃദയരേ, ആഹ്ളാദിച്ച് ആര്‍ത്തുവിളിക്കുവിന്‍.
R അവിടുന്ന് എന്‍റെ………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (10:31-11:1)
(ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ
അനുകരിക്കുവിന്‍)
സഹോദരരേ,നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍. യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്‍റെ സഭയ്ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്. ഞാന്‍ തന്നെയും എല്ലാവരുടെയും രക്ഷയെപ്രതി അനേകരുടെ പ്രയോജനത്തിനായി എന്‍റെ പ്രയോജനം നോക്കാതെ എല്ലാ കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!(LK.7:16)ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു – അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (1:40-45)
(തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു )
അക്കാലത്ത്,ഒരു കുഷ്ഠരോഗി യേശുവിന്‍റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു:അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു:എനിക്കു മനസ്സുണ്ട്: നിനക്കു ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധിവന്നു. യേശു അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു:നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്.എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ എല്ലായിടങ്ങളിലും നിന്ന് അവന്‍റെ അടുത്തു വന്നുകൊണ്ടിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here