ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ടെല്‍ അവീവ്: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനവ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് ഇസ്രായേല്‍ ടൂറിസം മിനിസ്ട്രി നല്‍കുന്ന സൂചന. ഡിസംബര്‍ 24, 25 തിയതികളിലായി പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ ജെറുസലേമില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017 അവസാനത്തോടെ 3.5 ദശലക്ഷം തീര്‍ത്ഥാടകര്‍ ജെറുസലേം സന്ദര്‍ശിക്കുമെന്നും ഇത് സര്‍വ്വകാല റെക്കോര്‍ഡായിരിക്കുമെന്നും ടൂറിസം മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു.

ഇതിന്‍ പ്രകാരം കഴിഞ്ഞ റെക്കോര്‍ഡിനേക്കാള്‍ 5 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടാകുക. സ്വാതന്ത്ര്യത്തോടേയും സുരക്ഷിതമായും പ്രാര്‍ത്ഥിക്കുവാനും ആരാധിക്കുവാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ഇസ്രായേല്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ബെത്ലഹേം സന്ദര്‍ശിക്കുന്നവര്‍ക്കായി സൗജന്യ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ടൂറിസം വകുപ്പ് അറിയിച്ചു. അരമണിക്കൂര്‍ ഇടവിട്ട് ബസ്സുകള്‍ ഉണ്ടായിരിക്കും.

ഇസ്രായേല്‍ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 2016-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച 2.9 ദശലക്ഷം ആളുകളില്‍ പകുതിയിലധികവും ക്രൈസ്തവ വിശ്വാസികളാണ്. കഴിഞ്ഞ ഡിസംബറില്‍ ഏതാണ്ട് 1,20,000 ത്തോളം ക്രിസ്ത്യാനികളാണ് ഇസ്രായേല്‍ സന്ദര്‍ശിച്ചത്. പ്രധാനമായും ജെറുസലേം സന്ദര്‍ശിക്കുവാനാണ് ഭൂരിഭാഗം പേരും കടന്ന്‍ വരുന്നത്. അതോടൊപ്പം ടെല്‍ അവീവും, ജാഫാ ഗേറ്റും സന്ദര്‍ശിക്കുന്നവരും കുറവല്ല. ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം, ജ്യൂവിഷ് ക്വാര്‍ട്ടര്‍, പടിഞ്ഞാറന്‍ മതില്‍, വിയാ ഡോളറോസ, ഒലീവ് മല, കഫര്‍ണാം, ചര്‍ച്ച് ഓഫ് അനണ്‍സിയേഷന്‍, ദാവീദിന്റെ നഗരം എന്നിവയാണ് ക്രൈസ്തവ തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here