“ക്രിസ്തുമസ് രക്തം”: ക്രിസ്തുമസിന് വത്തിക്കാനില്‍ ആക്രമണം നടത്തുമെന്നു ഐ‌എസ്

വത്തിക്കാന്‍ സിറ്റി/പാരീസ്: ക്രിസ്തുമസിന് കേവലം ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വത്തിക്കാനില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലുള്ള ചാനലായ വാഫാ മീഡിയ ഫൗണ്ടേഷന്‍ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കായി പതിനായിരകണക്കിന് ആളുകള്‍ ഒന്നിച്ചുകൂടുന്ന അവസരത്തില്‍ വത്തിക്കാന്‍ ആക്രമിക്കുമെന്നാണ് പോസ്റ്ററിലെ ഭീഷണിയുടെ സാരാംശം.

“ക്രിസ്തുമസ് രക്തം” (Christmas Blood) എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖം മൂടി ധരിച്ച തീവ്രവാദി ഒരു ബി‌എം‌ഡബ്ല്യു കാറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് നേര്‍ക്ക് പോകുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഒരു റൈഫിളും, പുറത്ത് തൂക്കാവുന്ന ബാഗും കാറിനുള്ളില്‍ കാണാം. “കാത്തിരിക്കൂ” എന്ന് ചുവന്ന അക്ഷരത്തില്‍ തലക്കെട്ടിന് താഴെ എഴുതിയിട്ടുണ്ട്. റോം കീഴടക്കണമെന്നത് ഐ‌എസിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.

കഴിഞ്ഞ ക്രിസ്തുമസ്സ് കാലങ്ങളിലും വത്തിക്കാനു നേരെയും, യൂറോപ്പിനു നേരെയും തീവ്രവാദികള്‍ ഇത്തരം ഭീഷണികള്‍ മുഴക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ബെര്‍ലിന്‍ ഫെസ്റ്റിവല്‍ മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ഐ‌എസ് തീവ്രവാദി 12 പേരെ കൊലപ്പെടുത്തുകയും 56 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 2015-ല്‍ കാലിഫോര്‍ണിയയിലും സമാനമായ ആക്രമണം നടന്നു. സാന്‍ ബെര്‍ണാഡിനോയിലെ ക്രിസ്തുമസ് പാര്‍ട്ടിക്കിടയില്‍ അക്രമം നടത്തിയ റിസ്വാന്‍ ഫാറൂക്ക് എന്ന ഇസ്ളാമിക തീവ്രവാദി നിരവധി സാധാരണക്കാരെയാണ് കൊലപ്പെടുത്തിയത്.

അതേസമയം ക്രിസ്തുമസ്സിനു മുന്‍പായി പല യൂറോപ്പ്യന്‍ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പുറത്തുവന്നിരിന്നു. എതുതരം ഭീകരാക്രമണവും ചെറുക്കാന്‍ സന്നദ്ധമാണെന്നും വത്തിക്കാനില്‍ സ്വിസ് ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നതു കാണാന്‍വേണ്ടി മാത്രമല്ലെന്നുമാണ് മാര്‍പാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡ് മേധാവി ക്രിസ്‌റ്റോഫ് ഗ്രഫ് അന്ന്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here