ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും ആത്മശോധന ചെയ്യണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും സ്വയം ചോദിക്കണമെന്നും ദുഷ്പ്രേരണകള്‍ ഹൃദയങ്ങളെ മുറിവേല്പിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ തിങ്കളാഴ്ച (13/11/17) രാവിലെ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദുഷ്പ്രേരണ നല്കുന്ന ക്രൈസ്തവന്‍, അഥവാ, ഇടര്‍ച്ച വരുത്തുന്ന ക്രൈസ്തവന്‍ ദൈവജനത്തെ മുറിപ്പെടുത്തുകയാണെന്നും പാപ്പ പറഞ്ഞു.

ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും സ്വയം ചോദിക്കണം. ശാന്തശീലനും എളിമയുള്ളവനുമായിരിക്കുന്നതിനു പകരം വ്യര്‍ത്ഥതയാല്‍ ലൗകികതയുടെ ഉയരങ്ങളിലേക്കു കയറാനാണോ ശ്രമിക്കുന്നത്? ദൈവജനത്തിന്‍റെ സേവകനാകാതെ യജമാനനാണെന്ന് സ്വയം ഭാവിച്ച് അഹങ്കരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യന്നവനാ​ണോ? ഇവ പുരോഹിതര്‍ ആത്മശോധന ചെയ്യണം. ഇടര്‍ച്ച മുറിവുണ്ടാക്കുക മാത്രമല്ല പ്രത്യാശയേയും കുടുംബങ്ങളെയും ഹൃദയങ്ങളെയുമൊക്കെ നശിപ്പിക്കാന്‍ ഉതകുന്നതുമാണ്.

വിശ്വാസത്തിനു അനുയോജ്യമായ ജീവിതം നയിക്കാത്തതുമൂലം ജനങ്ങളെ വിശ്വാസത്തില്‍ നിന്ന അകറ്റുന്ന ക്രൈസ്തവര്‍ നിരവധിയാണ്. ക്രൈസ്തവരുടെ വിശ്വാസത്തിന് അനുസൃതമല്ലാത്ത ജീവിതം അതായത്, ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവജനത്തെ തളര്‍ത്താനും അവരെ കര്‍ത്താവില്‍ നിന്നകറ്റാനും സാത്താനു ലഭിക്കുന്ന ഏറ്റം എളുപ്പമുള്ള ആയുധമാണ്. ഒരേസമയം സമ്പത്തിനെയും ദൈവത്തെയും സേവിക്കാന്‍ സാധ്യമല്ല എന്ന യേശുവിന്‍റെ പ്രബോധനത്തെ സൂചിപ്പിച്ച പാപ്പാ പണത്തോടു ആസക്തിയുള്ള വൈദികന്‍ ദൈവജനത്തിന് ഇടര്‍ച്ചയേകുന്നുവെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here