ഇരുപത്തെട്ടാം വാരം: ചൊവ്വ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം -(17/10/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (1:16-25)
(അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി
മഹത്വപ്പെടുത്തിയില്ല)
സഹോദരരേ, സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്. അതില്‍, വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവശക്തിയാണ്. അതില്‍, വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന തൈവത്തിന്‍റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന്‍ വിശ്വാസംവഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും ആനീതിക്കുമെതിരായി ദൈവത്തിന്‍റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.
ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലേകസൃഷ്ടിമുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്. അവര്‍ക്ക് ഒഴികഴിവില്ല. അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയുംവിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്‍റെ മഹത്വം നശ്വരനായ മനുഷ്യന്‍റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(19:1-2,3-4ab)
R (v.1a) ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു.
1. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.
R ആകാശം ദൈവത്തിന്‍റെ……..
2. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്‍റെ അതിര്‍ത്തിയോളം എത്തുന്നു.
R ആകാശം ദൈവത്തിന്‍റെ……..

രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (5: 1-6)
(പരിഛേദനം കാര്യമല്ല. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ
വിശ്വാസമാണ് സുപ്രധാനം)
സഹോദരരേ, സ്വാതതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്‍റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്. പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല. പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയുന്നു, അവന്‍ നിയമം മുഴുവനും പാലിക്കാന്‍ കടപ്പെട്ടവനാണ്. നിയമത്തിലാണ് നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്തിരിക്കുന്നു. ഞങ്ങളാകട്ടെ പരിശുദ്ധാത്മാവീലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു. എന്തെന്നാല്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.
അല്ലേലൂയാ!
അല്ലേലൂയാ! (ഹെബ്രാ.4:12) ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:37-41)
(നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക്
എല്ലാം ശുദ്ധമായിരിക്കും)
അക്കാലത്ത്, യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്‍റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവന്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനു മുമ്പ് അവന്‍ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയന്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകശുടെയും പാത്രങ്ങളുടെയും പുറംകഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭോഷന്‍മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മിച്ചത്? നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here