ഇരുപത്തിമൂന്നാം വാരം: ചൊവ്വ ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (12/9/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കൊളോസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (2:6-15)
(ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ
എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു)
സഹോദരരേ, കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍. അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢത പ്രാപിച്ചുംകൊണ്ട് അനര്‍ഗളമായ കൃതജ്ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍. ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൈവത്വത്തിന്‍റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്. അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്‍റെ അധമവാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന ക്രിസ്തുവിന്‍റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്ക്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃതരും ദുര്‍വാസനകളുടെ പരിച്ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു. നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍തറച്ചു നിഷ്കാസനം ചെയ്യുകയും ചെയ്തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(145:1-2,8-9,10-11)
R (v.9a) കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.
1. എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.
R കര്‍ത്താവ് എല്ലാവര്‍ക്കും………..
2. കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്‍റെ സര്‍വസൃഷ്ടിയുടെയുംമേല്‍ അവിടുന്നു കരുണ ചൊരിയുന്നു.
R കര്‍ത്താവ് എല്ലാവര്‍ക്കും………..
3. കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
R കര്‍ത്താവ് എല്ലാവര്‍ക്കും………..
കര്‍ത്താവിന്‍റെ വചനം
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (6:1-11)
(സഹോദരന്‍ സഹോദരനെതിരായി വ്യവഹാരത്തിനു പോകുന്നു;
അതും വിശ്വാസികളുടെ മുമ്പാകെ)
സഹോദരരേ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ അവന്‍ വിശുദ്ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധി തേടാന്‍ മുതിരുന്നുവോ? വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിവില്ലേ? നിങ്ങള്‍ ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നിസ്സാരകാര്യങ്ങളെക്കുറിച്ചു വിധി കല്‍പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ? ദൂതന്‍മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെക്കുറിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭ അല്‍പവും വിലമതിക്കാത്തവരെ നിങ്ങള്‍ ന്യായാധിപരായി അവരോധിക്കുന്നുവോ? നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ? സഹോദരന്‍ സഹോദരനെതിരേ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു. അതും വിജാതീയരുടെ ന്യായാസനത്തെ! നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ? നിങ്ങള്‍ തന്നെ സഹോദരനെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!
അനീതി പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിലും സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(149:1-2, 3-4, 5-6മ+9യ)
R (v.4a) കര്‍ത്താവു തന്‍റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. ഇസ്രായേല്‍ തന്‍റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ! സീയോന്‍റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!
R കര്‍ത്താവു തന്‍റെ ജനത്തില്‍………..
2. നൃത്തം ചെയ്തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ! എന്തെന്നാല്‍, കര്‍ത്താവു തന്‍റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
R കര്‍ത്താവു തന്‍റെ ജനത്തില്‍………..
3. വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്‍റെ സ്തുതി ഉയരട്ടെ, അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
R കര്‍ത്താവു തന്‍റെ ജനത്തില്‍………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.15:16) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടിയാണിത്. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:12-19)
(രാത്രി മുഴുവന്‍ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു…. അവിടുന്നു പന്ത്രണ്ടു
പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്‍ എന്ന പേരു നല്‍കി)
അക്കാലത്ത്, യേശു പ്രാര്‍ത്ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ച് അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്‍മാര്‍ എന്നു പേരു നല്‍കി. അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്‍റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍, യാക്കോബിന്‍റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്കറിയോത്താ എന്നിവരാണ്.
അവന്‍ അവരോടുകൂടെ ഇറങ്ങി സമതലത്തില്‍ വന്നുനിന്നു. ശിഷ്യന്‍മാരുടെ ഒരു വലിയ ഗണവും അവന്‍റെ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം എന്നിവിടങ്ങളില്‍നിന്നും വന്ന വലിയ ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി. അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു. ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here