ആണ്ടുവട്ടത്തിലെ പതിനേഴാം ഞായര്‍ – 30/7/2017

ഒന്നാംവായന
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ നിന്ന് (3:5,7-12)
(നീതിനിര്‍വഹണത്തിനു വേണ്ട വിവേകം ഞാന്‍ നിനക്കനുവദിച്ചിരിക്കുന്നു)
അക്കാലത്ത് ഒരു രാത്രി കര്‍ത്താവ് സോളമന് സ്വപ്നത്തില്‍ പ്രത്യക്ഷനായി. ദൈവം അവനോട് അരുളിച്ചെയ്തു:നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക. സോളമന്‍ പറഞ്ഞു: എന്‍റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്‍റെ പിതാവായ ദാവീദിന്‍റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്‍റെ നടുവിലാണ് അങ്ങയുടെ ദാസന്‍. ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും. സോളമന്‍റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്‍റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല;ഇനി ഉണ്ടാവുകയുമില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (119:57,72,76-77, 127-128,129-130)
R (v.97a) കര്‍ത്താവേ, അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു.
1. കര്‍ത്താവാണ് എന്‍റെ ഓഹരി; അവിടുത്തെ കല്‍പനകള്‍
പാലിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
ആയിരക്കണക്കിനു പൊന്‍വെള്ളി നാണയങ്ങളെക്കാള്‍
അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ്
എനിക്ക് അഭികാമ്യം.
R കര്‍ത്താവേ, അങ്ങയുടെ…………….
2. ഈ ദാസന് അങ്ങ് നല്‍കിയ വാഗ്ദാനമനുസരിച്ച്
അങ്ങയുടെ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ.
ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം
എന്‍റെ മേല്‍ ചോരിയണമേ!അങ്ങയുടെ നിയമത്തിലാണ്
എന്‍റെ ആനന്ദം.
R കര്‍ത്താവേ, അങ്ങയുടെ…………….
3. ഞാന്‍ അങ്ങയുടെ കല്‍പ്പനകളെ സ്വര്‍ണത്തെയും
തങ്കത്തെയുംകാള്‍ അധികം സ്നേഹിക്കുന്നു.
ആകയാല്‍, അങ്ങയുടെ പ്രമാണങ്ങളാണ്
എന്‍റെ പാദങ്ങളെ നയിക്കുന്നത്;കപടമാര്‍ഗങ്ങളെ
ഞാന്‍ വെറുക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ…………….
4. അങ്ങയുടെ കല്‍പനകള്‍ വിസ്മായാവഹമാണ്;
ഞാന്‍ അവ പാലിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ
ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു;എളിയവര്‍ക്ക്
അത് അറിവു പകരുന്നു
R കര്‍ത്താവേ, അങ്ങയുടെ…………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (8:28-30)
(നമ്മള്‍ തന്‍റെ പുത്രന്‍റെ സാദൃശ്യത്തോടനുരൂപരായിരിക്കണമെന്നു
ദൈവം മുന്‍കൂട്ടി നിശ്ചയിച്ചു)
പ്രിയസഹോദരരേ, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്‍റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനുവേണ്ടിയാണ്. താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു;വിളിച്ചവരെ നീതികരിച്ചു; നീതികരിച്ചവരെ മഹത്വപ്പെടുത്തി.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(cf.Mt:11:25)ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെടട്ടെ – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:44-52)
(അവന്‍ സമസ്തവും വിറ്റ്, നിധിയുള്ള വയല്‍ വാങ്ങുന്നു)
(അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു:സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.)
സവര്‍ഗരാജ്യം എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും.ദൈവദൂതന്‍മാര്‍ ദുഷ്ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഠത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ?അവന്‍ ചേദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു. അവന്‍ തുടര്‍ന്നു:സ്വര്‍ഗരാജ്യത്തിന്‍റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും തന്‍റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍.
ദൈവവചനമാണു നാം കേട്ടത്.
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here