ഫ്രാൻസിന്റെ പുതിയ പ്രസിഡന്‍റിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഇമ്മാനുവൽ മാക്രോണിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിലെ സകല പൗരന്മാര്‍ക്കും സേവനം ഉറപ്പ് വരുത്തുവാന്‍ പ്രസിഡന്‍റ് മാക്രോണിന് കഴിയട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. പുതിയ പ്രസിഡന്‍റിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ദൈവാനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് പ്രസിഡന്റിന് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ സൂചിപ്പിച്ചു.

ക്രൈസ്തവപാരമ്പര്യത്താല്‍ മുദ്രിതമായ ആദ്ധ്യാത്മിക പൈതൃകത്തോടും വിശ്വസ്തപുലര്‍ത്തിക്കൊണ്ട് നീതിയും സാഹോദര്യവും കൂടുതല്‍ വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ദൈവസഹായം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു. പൊതുനന്മ, ജീവനോടുള്ള ആദരവ്, എല്ലാ ജനങ്ങളുടെയും സംരക്ഷണം, സമാധാനം എന്നിവയ്ക്കായുള്ള പരിശ്രമം തുടരാന്‍ ഫ്രാന്‍സിനു കഴിയട്ടെ. ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു.

ഫ്രഞ്ച് ജനതയുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുമെന്നും യൂറോപ്യൻ യൂണിയനെ ഉടച്ചുവാർക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണു രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് പദവി ഇമ്മാനുവൽ ഞായറാഴ്ച ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here