ചൈനയില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു

ഹോങ്കോഗ്: ചൈനയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 20,000 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഉത്തര ഹെബേ പ്രോവിന്‍സില്‍ നിന്ന്‍ മാത്രം 4,446 പേരാണ് മാമ്മോദീസാ സ്വീകരിച്ചത്.

മധ്യ ഷാന്‍ക്സിയില്‍ 1593 പേരും തെക്കന്‍ ഗുയാങ്ഡോങില്‍ നിന്ന്‍ 1327 പേരും വടക്ക്-പടിഞ്ഞാറന്‍ ഷാന്‍ക്സിയില്‍ 1234 പേരും കിഴക്കന്‍ ഷാന്‍ഡോങ്ങില്‍ 1169 പേരും സേജിയാങ്ങില്‍ 1168 പേരും മധ്യഹെനാന്‍ പ്രവിശ്യയില്‍ 1097 പേരും ജ്ഞാനസ്നാനം സ്വീകരിച്ചു സഭയില്‍ അംഗമായതായി ‘യു‌സി‌എ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തോലിക്കാ സഭയെ പറ്റി മൂന്നു മാസത്തോളം ആധികാരികമായ പരിശീലനം നല്കിയതിന് ശേഷമാണ് വിശ്വാസികള്‍ക്ക് മാമ്മോദീസാ നല്കിയതെന്ന്‍ ഹെനാന്‍ പ്രവിശ്യയിലെ വൈദികനായ ഫാ. ഹാങ്ങ് വെന്‍മിന്‍ പറഞ്ഞു.

നിലവില്‍ ഷാന്‍ക്സി, സേജിയാങ് പ്രവിശ്യകളില്‍ 2 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ ആണുള്ളത്. ഇവരെ കൂടാതെ പ്രവിശ്യയിലെ ഭൂഗര്‍ഭസഭകളിലായി ഒരു മില്യന്‍ കത്തോലിക്കര്‍ ഉണ്ടെന്നാണ് സൂചന.

16-ാം നൂറ്റാണ്ടിൽ തന്നെ ചൈനയിൽ ജസ്യൂട്ട് മിഷ്ണറികൾ പ്രവർത്തിച്ചിരുന്നതായി തെളിവുകളുണ്ട്. 1949-ൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായപ്പോൾ ചൈനയിൽ 5700 വിദേശ മിഷ്ണറികളും 35 ലക്ഷത്തോളം ക്രിസ്തുമതവിശ്വാസികളും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

നിരീശ്വര ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ വീടുകളിൽ പോലും കുരിശ്ശടയാളം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നുവെന്നു 2015-ല്‍ ‘ദി ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. 2040-ൽ ഏകദേശം 58 കോടി ആളുകള്‍ ചൈനയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here