ഞങ്ങള്‍ക്ക്‌ ബൈബിള്‍ മാത്രം മതി: പെറുവിലെ വെള്ളപ്പൊക്കത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ മെത്രാനോട് ആവശ്യപ്പെട്ടത്

ലിമാ: “ദൈവവചനം ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബങ്ങള്‍ക്കും അത്യാവശ്യമാണ്, അതിനാല്‍ ദയവായി ഞങ്ങള്‍ക്ക്‌ കുറച്ച് ബൈബിള്‍ തരൂ.” പെറുവിലെ ജനത നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ അടുത്തകാലത്തെ വെള്ളപ്പൊക്കത്തില്‍ തങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ട ചില പ്രദേശവാസികള്‍ പിയൂരയിലേയും ടുംബസിലേയും ബിഷപ്പായ ജോസ് അന്റോണിയോ എഗൂരെന്‍ മുന്‍പാകെ ഉന്നയിച്ച ആവശ്യമാണിത്.

കഴിഞ്ഞയാഴ്ച ബാജാ പിയൂരയിലെ പെഡ്‌റെഗേല്‍ പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ മെത്രാപ്പോലീത്തയെ കാണുകയും, വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ബൈബിള്‍ നഷ്ടപ്പെട്ടതിനാല്‍ തങ്ങള്‍ക്ക് കുറച്ചു ബൈബിള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പിയൂര അതിരൂപത പുറത്ത്‌ വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തങ്ങളുടെ ഗ്രാമത്തില്‍ തങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന മതബോധന പരിപാടികള്‍ക്ക്‌ ബൈബിള്‍ അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞതായും വാര്‍ത്താക്കുറിപ്പിലുണ്ട്.

പ്രതിസന്ധി ഘട്ടത്തിലും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയെ മെത്രാപ്പോലീത്ത അഭിനന്ദിച്ചതായും അവര്‍ക്ക്‌ ആവശ്യമായ ബൈബിള്‍ നല്‍കുമെന്ന് ഉറപ്പ്‌ നല്‍കിയതായും അതിരൂപത വ്യക്തമാക്കി. അതേ സമയം കാരിത്താസിലെ ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധ സേവകര്‍ക്കുമൊപ്പം പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ച ബിഷപ്പ് ജോസ് അന്റോണിയോ എഗൂരെന്‍ 300-ല്‍ അധികം കുടുംബങ്ങള്‍ക്കിടയില്‍ ആയിരകണക്കിന് കിലോ വരുന്ന ഭക്ഷണ സാധനങ്ങളും മറ്റ് സഹായങ്ങളും കൈമാറുകയും ചെയ്തു.

കടുത്ത മഴയെ തുടര്‍ന്ന് പെറുവിലെ പിയൂര നദി കരകവിഞ്ഞൊഴുകിയത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏതാണ്ട് 67-ഓളം ആളുകള്‍ മരിക്കുകയും ഒരു ലക്ഷത്തിനും മേലെ ആളുകള്‍ ഭവന രഹിതരാവുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1998-ന് ശേഷം പെറു നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. അഞ്ചടി ഉയരത്തോളം വെള്ളം പൊങ്ങുകയുണ്ടായി. ജീവന്‍ രക്ഷിക്കുന്നതിനായി ജനങ്ങള്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തിലും വിശ്വാസം കൈവെടിയാതെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പെറൂവിയന്‍ ജനതയ്ക്ക് ആത്മീയവും ഭൗതീകവുമായ എല്ലാ സഹായവും നല്‍കുമെന്ന് അതിരൂപത അറിയിച്ചു. “അഗാധമായ വിശ്വാസമാണ് അവര്‍ക്കുള്ളത്‌, തങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ തങ്ങളുടെ പ്രതീക്ഷ ഉപേക്ഷിക്കാതെ മുന്നേറുന്നു. ദൈവസ്നേഹത്താല്‍ വളരാനുള്ള തങ്ങളുടെ ആഗ്രഹം വഴി മുന്‍പത്തേക്കാളും നല്ലൊരു ജീവിതം തങ്ങളുടെ ആളുകള്‍ക്ക് ഉണ്ടാകുമെന്ന കാര്യം അവര്‍ക്ക്‌ ഉറപ്പാണ്”. അതിരൂപത പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here