ഹണ്‍ടിംഗ്ടണ്‍ രോഗബാധിതര്‍ക്കു സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വരോഗമായ ഹണ്‍ടിംഗ്ടണ്‍ രോഗികളുമായും അവരുടെ മാതാപിതാക്കളുമായും ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. വ്യാഴാഴ്ച പോള്‍ ആറാമന്‍ ഹാളിലായിരിന്നു കൂടികാഴ്ച. നെഞ്ചോട് ചെര്‍ത്ത് പിടിച്ചും ശിരസ്സില്‍ ചുംബനം നല്‍കിയുമാണ് രോഗികളുമായും അവരുടെ പ്രിയപ്പെട്ടവരുമായും മാര്‍പാപ്പ തന്റെ സ്നേഹവും കാരുണ്യവും പങ്കുവെച്ചത്. സമൂഹത്തിന്‍റെയും ദൈവത്തിന്‍റെയും മുന്നില്‍ രോഗികളായവര്‍ ഓരോരുത്തരും അമൂല്യരാണെന്ന് മാര്‍പാപ്പ പറഞ്ഞു.

രോഗികള്‍ക്കും പാപികള്‍ക്കും സമൂഹം കല്പിച്ചിരുന്ന വിവേചനവും ഭിത്തിയും ക്രിസ്തു തകര്‍ത്തു. അവിടുന്ന് അവരെ തൊട്ടു സുഖ്യപ്പെടുത്തി. രോഗം എത്ര വലുതായാലും രോഗികളെ അവിടുന്ന് സമൂഹത്തിന്‍റെ ഭാഗമായി അംഗീകരിക്കുകയും അവരുടെ മനുഷ്യാന്തസ്സ് മാനിക്കുകയുംചെയ്തു. രോഗത്തിനോ ബലഹീനതയ്ക്കോ മനുഷ്യാന്തസ്സ് മായിച്ചുകളയാനാവില്ല. രോഗിയായാലും വേദനിക്കുന്നവനായാലും മനുഷ്യന്‍ വിലപ്പെട്ടതാണ്. അതിനാല്‍ സമൂഹത്തിന്‍റെയും ദൈവത്തിന്‍റെയും മുന്നില്‍ രോഗികളായവര്‍ ഓരോരുത്തരും അമൂല്യമാണ്.

രോഗത്തിന്റെ ഫലമായി ഉണ്ടാകാവുന്നാ നിരാശയും ഭയവും ഇല്ലാതാക്കാന്‍ രോഗികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളാണ്. രോഗികളായ സഹോദരങ്ങളുടെ സമീപത്തായിരുന്നുകൊണ്ട്, പരിത്യാഗത്തോടെയും പതറാതെയും അവരുടെകൂടെ നടക്കുന്നവരാണ് കുടുംബാംഗങ്ങള്‍. ക്ലേശപൂര്‍ണ്ണമായ ജീവിത സാഹചര്യത്തിലും അവരുടെ അനുദിന സഹചാരികളാണ് മാതാപിതാക്കളും സഹോദരങ്ങളും, ഭാര്യയോ ഭാര്‍ത്താവോ, കുട്ടികളോ, സുഹൃത്തുക്കളോ ആകുന്ന കുടുംബാംഗങ്ങള്‍.

ഹണ്‍ടിംഗ്ടണ്‍ രോഗികളുടെ പരിചാരകരായ ഡോക്ടര്‍മാരെയും ഗവേഷകരെയും അഭിനന്ദിക്കുവാനും മാര്‍പാപ്പ മറന്നില്ല. മേഖലയിലുള്ള വിദഗ്ദ്ധരുടെ സേവനവും സമര്‍പ്പണവും അമൂല്യമാണ്. ആത്മാര്‍ത്ഥമായ അവരുടെ പരിചരണവും സഹായവും, വാക്കുകളും പ്രവൃത്തികളും വേദനിക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ പ്രത്യാശയും ആത്മവിശ്വാസവും പകരുന്നു. രോഗികളും പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പുറംതള്ളുന്ന സ്വഭാവം ഉപേക്ഷിക്കണമെന്നും സാമൂഹികനന്മയുടെ പാത ലോകത്ത് തുറക്കണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here