സ്‌നേഹത്തിന്റെ മനുഷ്യരാകാൻ

ഈശോയെ കാണണമെന്നുള്ള തീവ്രമായ ആഗ്രഹം മനസിൽ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സക്കേവൂസ്. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കുവാനും അദ്ദേഹം തയാറായിരുന്നു. ആ നാട്ടിലെ ചുങ്കക്കാരിൽ പ്രധാനിയും ധനികനുമൊക്കെയായിരുന്നെങ്കിലും പൊക്കക്കുറവും സമൂഹത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന മോശം പ്രതിഛായയും പാപിയെന്നുള്ള ദുഷ്‌പേരും ഈശോയെ കാണണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തടസമായി നിന്നു. എന്നാൽ തന്റെ ഈ പരിമിതികളെക്കുറിച്ച് തികഞ്ഞ അവബോധമുണ്ടായിരുന്ന സക്കേവൂസ് അതിനെയെല്ലാം മറികടക്കാൻതന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഈശോ സഞ്ചരിക്കുന്ന വഴിയരികിലുള്ള സിക്കമൂർ മരത്തിൽ കയറി, ആരാലും ശ്രദ്ധിക്കപ്പെടാതെ അതിന്റെ ഇലകൾക്കിടയിൽ ഒളിച്ചിരുന്ന്, ഈശോയെ കണ്ടത്.

എന്നാൽ കൺകുളിർക്കെ തന്നെ കണ്ടുകൊണ്ടിരുന്ന സക്കേവൂസിനെ നോക്കി ഈശോ പറയുകയാണ് ”സക്കേവൂസ് വേഗം ഇറങ്ങിവരിക, ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” (ലൂക്കാ 19:5). തീർച്ചയായും സക്കേവൂസ് ഒന്ന് ഞെട്ടിയിട്ടുണ്ടാകും. ഗുരുവിനെ കൺനിറയെ ഒന്നു കാണണം, അത്രമാത്രമേ സക്കേവൂസ് ആഗ്രഹിച്ചിരുന്നുള്ളൂ. സമൂഹം അവഗണിച്ച് മാറ്റിനിർത്തിയവൻ, പാപിയെന്ന് മുദ്രകുത്തി വെറുക്കപ്പെട്ടവൻ, പൊതുജനമധ്യേ വരാൻ ഭയമുള്ളവൻ – തന്നെയിതാ ഗുരു പേരുചൊല്ലി വിളിക്കുന്നു. തന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനും താമസിക്കാനും വരുന്നു. സക്കേവൂസിന് ഇതിൽപരം ആനന്ദം വേറെ ഉണ്ടാകാനുണ്ടോ?

സ്‌നേഹപൂർണമായ വിളി
‘സക്കേവൂസേ’ എന്നുള്ള ഈശോയുടെ കരുണാർദ്രമായ വിളി, പാപിയെന്ന് മുദ്ര കുത്തപ്പെട്ട തന്റെ വീട്ടിലെ വിരുന്നിനിരിക്കൽ, പൊതുജനമധ്യത്തിൽ നല്കിയ ബഹുമാനം, ഇവനും അബ്രാഹത്തിന്റെ പുത്രനാണെന്നും നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത് (ലൂക്കാ 19:10) എന്നുമുള്ള ഈശോയുടെ പ്രസ്താവന… ഇങ്ങനെ ഈശോയുടെ വാക്കുകളും പ്രവൃത്തികളുമൊക്കെ സക്കേവൂസ് എന്ന മനുഷ്യന്റെ ആത്മാഭിമാനത്തെ തൊട്ടുണർത്തുന്നതും അവന്റെ വ്യക്തിത്വത്തെആദരിക്കുന്നതും ആയിരുന്നു.

തന്മൂലം അതുവരെ അന്തർമുഖനായി തനിക്കോ മറ്റാർക്കുമോ ഒരു ഉപകാരവും ഇല്ലാതെ ജീവിച്ചിരുന്ന സക്കേവൂസ് ഒരു നിമിഷംകൊണ്ട് പുതിയൊരു മനുഷ്യനായി മാറുന്നു. തന്നെത്തന്നെ ഒന്ന് പരിശോധിക്കാൻ, സ്വയം കെണ്ട ത്താൻ സക്കേവൂസിന് അവസരം ലഭിക്കുന്നു. അതിന്റെ പരിണതഫലമോ – മാനസാന്തരത്തിന് അനുയോജ്യമായ സദ്ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും സക്കേവൂസും കുടുംബവും രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരുന്നതിനും ഇടയാകുന്നു.
തന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്ക് കൊടുക്കാനുംവഞ്ചിച്ചെടുത്തത് നാലിരട്ടിയായി തിരികെ കൊടുക്കാനും (ലൂക്കാ 19:8) സക്കേവൂസ് തീരുമാനിക്കുന്നു.അങ്ങനെ സക്കേവൂസ് മറ്റുള്ളവർക്ക് ഉപകാരമുള്ളവനായി മാറുന്നു. സമൂഹത്തിനൊരു അനുഗ്രഹമായി മാറുന്നു. അപ്രകാരം ചെയ്യാൻ ഈശോ അവനോടാവശ്യപ്പെട്ടിട്ടൊന്നുമില്ല. പക്ഷേ, ഉള്ളിൽ സ്‌നേഹം നിറഞ്ഞപ്പോൾ അങ്ങനെയെല്ലാം ചെയ്യാൻ തോന്നുകയാണ്.

സങ്കീർത്തകൻ പറയുന്നു: ”കർത്താവ് കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്ടിയുടെയുംമേൽ അവിടുന്ന് കരുണ ചൊരിയുന്നു” (സങ്കീ. 145:8-9). പ്രഭാഷകന്റെ പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു ”കർത്താവിന്റെ കണ്ണുകൾ സൂര്യനെക്കാൾ പതിനായിരംമടങ്ങ് പ്രകാശമുള്ളതാണ്” (പ്രഭാ. 23:19). ”കർത്താവിന്റെ ദൃഷ്ടികൾ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന് ഉറ്റുനോക്കുന്നു” (സുഭാ. 15:3). ഈ ദൈവം എല്ലാവരെയും കരുണയോടെ നോക്കുന്നു. എല്ലാവർക്കും മാനസാന്തരപ്പെടാനും മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കാനും അവസരം കൊടുക്കുകയും ചെയ്യുന്നു. എന്നാൽ നമ്മളോ?

യേശുവും നമ്മളും തമ്മിലുള്ള വ്യത്യാസം
ഒരു ദുർബല നിമിഷത്തിൽ അറിഞ്ഞോ അറിയാതെയോ ഒരാൾ ചെയ്ത ചെറിയൊരു അപരാധത്തിന്റെ മരിക്കാത്ത ഓർമകളുമായി വൈരാഗ്യത്തോടെ അവനെ കാണുന്ന നാം തക്കം കിട്ടിയാൽ പകരം ചെയ്യാൻ കാത്തിരിക്കുന്നു. ‘വിടില്ല അവനെ ഞാൻ… എല്ലാറ്റിനും കണക്കു ചോദിക്കാൻ എനിക്കും കിട്ടും അവസരം…’ ഇപ്രകാരം വെറുപ്പും വിദ്വേഷവും മനസിൽ സൂക്ഷിച്ച് പ്രതികാരം ചെയ്യാൻ സദാ അവസരം നോക്കി നടക്കുന്ന നമ്മെ പേടിച്ച് പലരും ഇന്ന് മരച്ചില്ലകൾക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ട്. അവർ മരത്തിൽകയറിയിരിക്കുന്നത് സക്കേവൂസ് ഈശോയെ കൺകുളിർക്കെ കാണാൻ കയറിയതുപോലെയല്ല, മറിച്ച് നമ്മുടെ കണ്ണിൽനിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയാണ്.

തെറ്റുകൾ ആർക്കും പറ്റാം, വീഴ്ചകൾ സ്വാഭാവികവും. അതിൽനിന്ന് കരകയറാൻ, ചെയ്തുപോയ തെറ്റിനെയോർത്ത് വിലപിച്ച് പ്രായശ്ചിത്തം ചെയ്യാൻ അവർക്ക് ഒരു അവസരം കൊടുത്തുകൂടേ? അതോ എന്നാളും അവർ ആ തെറ്റിൽ തുടരണമെന്നും ഒരിക്കലും ഒരു മടങ്ങിവരവിന് അവസരം കൊടുക്കില്ലെന്നുമുള്ള പിടിവാശിയിലാണോ നമ്മൾ.

‘സക്കേവൂസ്’ എന്നുള്ള ഈശോയുടെ സ്‌നേഹമസൃണമായ വിളി സിക്കമൂർ മരത്തിൽനിന്ന് തിടുക്കത്തിൽ ഇറങ്ങിവരാൻ സക്കേവൂസിനെ പ്രേരിപ്പിച്ചതുപോലെ നമ്മുടെ വാത്സല്യത്തോടെയുള്ള ഒരു ഇടപെടൽ, സൗഹൃദസംഭാഷണം, സ്‌നേഹത്തലോടൽ അതെല്ലാം പലരെയും തങ്ങൾ ഒളിച്ചിരിക്കുന്ന മരച്ചില്ലകൾക്കിടയിൽനിന്ന് പുറത്തുവരാൻ പ്രേരിപ്പിക്കും. അവസരം കിട്ടിയാൽ ഒരുപക്ഷേസക്കേവൂസിനെപ്പോലെ മാനസാന്തരത്തിന് അനുയോജ്യമായ സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ അവർ തയാറായി എന്നുവരാം.

അതിനാൽ ഒന്നു കണ്ടെത്താൻ തയാറാകുക, നമ്മെ പേടിച്ച് മരച്ചില്ലകൾക്കിടയിലും മാളങ്ങളിലും ഒളിച്ചിരിക്കുന്നവർ ആരെല്ലാമാണ്? ഒരുപക്ഷേ, നമ്മുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലുമാകാം. പ്രാർത്ഥനാകൂട്ടായ്മകളിലോ ഇടവകസമൂഹത്തിലോ ജോലിസ്ഥലത്തോ ഉള്ളവരിൽ ആരെങ്കിലുമാകാം. അവർ ആരുമായിക്കൊള്ളട്ടെ, എവിടെയുള്ളവരുമായിക്കൊള്ളട്ടെ. നമ്മൾ അവരെ ബോധപൂർവം അകറ്റിനിർത്തിയിട്ടുണ്ടെങ്കിൽ, അവരോട് പകരം ചോദിക്കാൻ അവസരം നോക്കി നടക്കുകയാണെങ്കിൽ, ഒരു തരത്തിലും അവരുമായി ഇനിയൊരു ബന്ധവും ഇല്ല എന്ന ഉറച്ച നിലപാടിലാണെങ്കിൽ… ഈശോ സക്കേവൂസിന് ഒരു അവസരം കൊടുത്തതുപോലെ നമുക്കും അവർക്കൊരു അവസരം കൊടുക്കാം.

സമൂഹത്തിന്റെ അതിരുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർ, പ്രാർത്ഥനാകൂട്ടായ്മകളിൽ പ്രവേശനംനിഷേധിക്കപ്പെട്ടവർ, ഇടവകസമൂഹത്തിൽ അർഹിക്കുന്ന ആദരവും അംഗീകാരവും കിട്ടാതെ പോയവർ, കഴിവുകൾ ഉണ്ടായിട്ടും വളരാനുള്ള അവസരവും പ്രോത്സാഹനവും ലഭിക്കാതെ മുരടിച്ചുപോയവർ… ഇങ്ങനെ ഒട്ടനവധി സക്കേവൂസുമാർ നമുക്ക് ചുറ്റും ഉണ്ട്ഞാൻമൂലം ഒരാൾപോലും ഇനി കണ്ണീർ പൊഴിക്കാൻ ഇടവരില്ല എന്ന ഉറച്ച തീരുമാനം എടുക്കാം. അങ്ങനെ നമ്മുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നമുക്ക് കരുണയുള്ളവരായി മാറാം

LEAVE A REPLY

Please enter your comment!
Please enter your name here