സ്വർഗസന്തോഷത്തിലേക്കുള്ള വഴി

സ്വപ്രയത്‌നത്താൽ സ്വർഗം സ്വന്തമാക്കാൻ കഴിയാത്ത മനുഷ്യർക്കായി ദൈവം ഒരുക്കിയ വഴി. അത് കാണിച്ചു തരുന്ന അടയാളത്തെക്കുറിച്ച്…

യേശു ചെയ്ത ആദ്യ അത്ഭുതം കാനായിലെ കല്യാണവിരുന്നിന് വെള്ളം വീഞ്ഞാക്കി മാറ്റിയതാണ്. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായത്തിലെ ഈ സംഭവം ഒരു അടയാളമാണ്. കാനായിൽ കല്യാണവിരുന്ന് നടക്കുന്ന ആ ഭവനത്തിൽ വീഞ്ഞ് തീർന്നുപോകുന്നു. ആ വിഷമസന്ധിയിൽ യേശു കടന്നുവരുന്നു. വെള്ളത്തെ വീഞ്ഞാക്കുന്നു. സമൃദ്ധമായി അവിടെ വീഞ്ഞുണ്ടാകുന്നു. ഇതാണ് ആ കല്യാണവീട്ടിൽ നടന്നത്.

ദൈവം മനുഷ്യനുമായി അനേകം ഉടമ്പടികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ രണ്ടു പ്രധാനപ്പെട്ട ഉടമ്പടികൾ നിയമത്തിന്റെ ഉടമ്പടിയും കൃപയുടെ ഉടമ്പടിയുമാണ്. കൃപയുടെ ഉടമ്പടിയെന്നാൽ കൃപ നല്കിക്കൊണ്ട് ദൈവപിതാവ് യേശുക്രിസ്തുവിലൂടെ മനുഷ്യമക്കളുമായി ചെയ്ത ഉടമ്പടി. നിയമത്തിന്റെ ഉടമ്പടിയെന്നാൽദൈവം മനുഷ്യന് കല്പനകൾ നല്കിയ ഉടമ്പടി. നിയമത്തിന്റെ ഉടമ്പടി നല്കിയതിനുശേഷം അവനത് അനുസരിക്കുമോ ഇല്ലയോ എന്നറിയാൻ ആയിരക്കണക്കിന് വർഷം കാത്തിരിക്കുന്ന മനോഹരമായ രംഗം ബൈബിളിൽ കാണാം.

രക്ഷകനുവേണ്ടി കാത്തിരുന്നവർ
ദൈവം മനുഷ്യന് കല്പനകൾ നല്കിയെങ്കിലും ആ കല്പനകളെ പൂർണമായിട്ടും അനുസരിക്കാൻ സാധിക്കാതെ മനുഷ്യൻ പരാജയപ്പെട്ടുപോകുന്നതാണ് മനുഷ്യചരിത്രത്തിൽ ഉടനീളം കാണുന്നത്. സ്വർഗം അവകാശമാക്കുന്നതിൽ ദയനീയമായി പരാജയപ്പെടുമ്പോൾ ലോകം മുഴുവനിൽനിന്നും രക്ഷകനുവേണ്ടിയുള്ള വലിയ നിലവിളി ഉയർന്നു. സ്വന്തമായി മനുഷ്യന് സ്വർഗം നേടുവാൻ സാധ്യമല്ല. അവൻ പരാജയപ്പെടുകതന്നെ ചെയ്യും. അവനെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ ഒരു രക്ഷകന്റെ ആവശ്യമുണ്ട്. അതുകൊണ്ട് ദൈവം ആയിരക്കണക്കിന് വർഷങ്ങൾ കാത്തിരുന്നു. ഭാരതത്തിലെ സന്യാസിമാർ വനങ്ങളിൽ പോയിരുന്ന് രക്ഷകനുവേണ്ടി നിലവിളിച്ചു.

സോക്രട്ടീസിന്റെ കാലത്തും പ്ലേറ്റോയുടെ കാലത്തുമെല്ലാം രക്ഷകനുവേണ്ടിയുള്ള ഈ നിലവിളി ലോകത്തിൽനിന്നും ഉയർന്നു. ഇസ്രായേൽജനവും രക്ഷകനുവേണ്ടി കാത്തിരുന്നു. ഒടുവിൽ രക്ഷകൻ വരികതന്നെ ചെയ്തു. പാപമില്ലാത്തവനായി ജീവിച്ചു. മുഴുവൻ നിയമത്തെയും അനുസരിച്ച് കുരിശിൽമരിച്ചു. സാത്താനെ പരാജയപ്പെടുത്തി. സകല പാപികൾക്കും അവരുടെ പാപങ്ങൾക്കുവേണ്ടി പരിഹാരം ചെയ്തു. ആ രക്ഷകനാണല്ലോ യേശു. മനുഷ്യപാപങ്ങൾക്കെല്ലാം പരിഹാരം ചെയ്ത യേശു തന്റെ ആത്മാവിനെ വർഷിച്ച് അവരിൽ നിറഞ്ഞുനിന്നുകൊണ്ട് അവർക്ക് സൗജന്യമായി സ്വർഗം കൊടുക്കുന്നതാണ് സത്യത്തിൽ യേശുക്രിസ്തുവിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ മനോഹരമായ രക്ഷാകരപദ്ധതി.

കാനായിലെ വീഞ്ഞ് വെളിപ്പെടുത്തുന്നത്
കാനായിലെ കല്യാണവീട്ടിൽ കാണുന്നത് ഈ രക്ഷാകരപദ്ധതിയാണ്. ആ കല്യാണവീട്ടിൽ വീഞ്ഞു തീർന്നുപോകുന്നു. അവിടെ മാനുഷികമായിട്ട് പെട്ടെന്ന് വീഞ്ഞ് ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു. എന്നാൽ, യേശു നിമിഷങ്ങൾക്കുള്ളിൽ മേൽത്തരം വീഞ്ഞ് ഉണ്ടാക്കി അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നു.
വെള്ളത്തെ വീഞ്ഞാക്കി മാറ്റി സ്വർഗത്തിന്റെ സന്തോഷത്തെയും സ്വർഗത്തിന്റെ അഭിഷേകത്തെയും മനുഷ്യന് നല്കുവാൻ താൻ വന്നിരിക്കുന്നുവെന്ന വളരെ വ്യക്തമായ സന്ദേശം നല്കിക്കൊണ്ട് യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. നമ്മുടെ ജീവിതത്തിൽ നാം ദൈവത്തെ പ്രസാദിപ്പിക്കുവാൻ പരിശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടേക്കാം. എന്നാൽ രക്ഷകനായ യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുന്നതിലൂടെ വിജയം നേടാം.വീഞ്ഞു തീർന്നുപോയപ്പോൾ പരിശുദ്ധ അമ്മ ചെയ്തത് യേശുവിന്റെ പക്കൽചെന്ന് അവിടെ വീഞ്ഞില്ല എന്ന് സത്യസന്ധമായി അറിയിക്കുകയാണ്. നമ്മുടെ ജീവിതത്തിലും യേശു പ്രതീക്ഷിക്കുന്നത് ഈ സത്യസന്ധതയാണ്. കാരണം, വിശുദ്ധി അതിന്റെ പൂർണതയിലെത്താൻ സമയമെടുക്കുമെന്ന് ദൈവത്തിനറിയാം. അനുസരണത്തിന്റെ തികവിലെത്താനും നാളുകളെടുക്കും. പൂർണതയെത്താൻ അതിലും കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ദൈവം ആദ്യം ഒരു മനുഷ്യനിൽ നിന്നാഗ്രഹിക്കുന്നത് സത്യസന്ധതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here