സ്വയം സമര്‍പ്പണ പ്രാര്‍ത്ഥന

എന്നെ സ്നേഹിച്ചുകൊണ്ട് സൃഷ്ടിക്കുകയും പേരുചൊല്ലി വിളിക്കുകയും എന്നോടുകൂടെ സദാ ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്നേഹനാഥാ, എന്നെ പൂര്‍ണ്ണമായും അങ്ങേക്ക് സമര്‍പ്പിക്കുന്നു. അങ്ങേ ഞാന്‍ സ്തുതിക്കുന്നു. ആരാധിക്കുന്നു. നന്ദി പറയുന്നു. അങ്ങ് എന്‍റെ നാഥനും രക്ഷകനും കര്‍ത്താവുമാണെന്ന് ഞാന്‍ ഏറ്റുപറയുന്നു. അങ്ങ് എന്നെ ഏറ്റെടുക്കണമേ. ഒരു കൊച്ചു പാപം പോലും ചെയ്ത് അങ്ങയെ വേദനിപ്പിക്കാന്‍ എന്നെ അനുവദിക്കരുതേ.
നാഥാ, അങ്ങയുടെ തിരുവചനം ശ്രവിക്കുന്നതിനും, അങ്ങേ ദിവ്യസ്വരം കേള്‍ക്കുന്നതിനും, എല്ലാം നന്മയായി മാത്രം കേള്‍ക്കുന്നതിനും എന്‍റെ കാതുകളെ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അങ്ങേ തിരുമുഖം ദര്‍ശിക്കുന്നതിനും തിരുഛായ എല്ലാവരിലും കാണുന്നതിനും, അങ്ങേ മനുഷ്യത്വം ദര്‍ശിക്കുന്നതിനുമായി എന്‍റെ കണ്ണുകളെ അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേ സ്തുതിക്കുന്നതിനും, തിരുവചനം പ്രഘോഷിക്കുന്നതിനും, നന്മ മാത്രം സംസാരിക്കുന്നതിനുമായി എന്‍റെ നാവിനേയും തൊണ്ടയേയും ശബ്ദത്തെയും അങ്ങേക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. അങ്ങയുടെ സ്നേഹം നുകരുന്നതിനും പകരുന്നതിനുമായി എന്‍റെ ഹൃദയത്തേയും, അങ്ങേ തിരുവിഷ്ടം നിറവേറ്റുന്നതിന് എന്‍റെ മനസ്സിനേയും, നന്മ മാത്രം ചെയ്ത് അങ്ങേ സ്നേഹശുശ്രൂഷ ചെയ്യുവാന്‍ എന്‍റെ കരങ്ങളേയും അങ്ങേക്ക് ഞാന്‍ തരുന്നു. വിശ്രമം തേടാതെ നടന്ന് അങ്ങേക്കുവേണ്ടി സേവനം ചെയ്യുന്നതിനും, അങ്ങുപറയുന്നിടത്തു മാത്രം പോകുന്നതിനും എന്‍റെ പാദങ്ങളെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതാ ഞാന്‍ അവിടുത്തെ ദാസി (ദാസന്‍) എന്നുപറഞ്ഞ് അങ്ങയുടെ തിരുമുമ്പില്‍ നമസ്ക്കരിക്കുന്നതിന് എന്‍റെ ശിരസ്സിനെ ജീവിതാന്ത്യം വരെ അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. എന്നെ പൂര്‍ണ്ണമായും അങ്ങ് സ്വീകരിക്കണമേ.
അങ്ങേ മഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കും വേണ്ടി മാത്രം ജീവിക്കാന്‍ അങ്ങയുടെ ആത്മാവിനാല്‍ നിറച്ച് അഭിഷേകം ചെയ്യണമേ. തിരുവചനത്തിന്‍റേയും തിരുരക്തത്തിന്‍റേയും അഭിഷേകം നല്‍കണമേ. ഓ! ദിവ്യനാഥാ ഇന്നേദിവസം ലോകത്തില്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടുംകൂടി എന്‍റെ സമര്‍പ്പണത്തെ സ്വീകരിക്കണമേ
പരിശുദ്ധരുടെയും വേദസാക്ഷികളുടെയും രക്തസാക്ഷികളുടെയും മാലാഖവൃന്ദത്തിന്‍റെയും മദ്ധ്യസ്ഥ സഹായത്തോടും ചേര്‍ത്ത് നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിന് എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here