സെപ്തംബര്‍ 8 പ.ക.മറിയത്തിന്‍റെ ജനനം (തിരുന്നാള്‍)

ഒന്നാം വായന
മിക്കാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (5:2-5a)
(ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്ന സമയം…….)
കര്‍ത്താവ് ഇപ്രകാരം അരുള്‍ച്ചെയ്യുന്നു: ബേത്ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്. അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്‍റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും. കര്‍ത്താവിന്‍റെ ശക്തിയോടെ തന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മഹത്വത്തോടെ, അവന്‍ വന്ന് തന്‍റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും. അവന്‍ നമ്മുടെ സമാധാനമായിരിക്കും.
കര്‍ത്താവിന്‍റെ വചനം
അല്ലെങ്കില്‍
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (8:28-30)
(ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു)
പ്രിയസഹോദരരേ, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്‍റെ പുത്രന്‍റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്‍റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു: നീതീകരിച്ചവനെ മഹത്വപ്പെടുത്തി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (13:5,6)
R (v. ഏശ.61:10a) ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും.
1. ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദം കൊള്ളും.
R ഞാന്‍ കര്‍ത്താവില്‍ …………..
2. ഞാന്‍ കര്‍ത്താവിനെ പാടി സ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.
R ഞാന്‍ കര്‍ത്താവില്‍ …………..
അല്ലേലൂയാ!
അല്ലേലൂയാ! പരിശുദ്ധയായ കന്യകാമറിയമേ, അങ്ങു ഭാഗ്യവതിയും എല്ലാ സ്തുതിക്കും അര്‍ഹയുമാണ്; എന്തെന്നാല്‍, നീതിസൂര്യനായ യേശുക്രിസ്തു അങ്ങില്‍നിന്നു ജനിച്ചിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (1:1-16,18-23)
(അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്)
അബ്രാഹത്തിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രന്‍ യേശുക്രിസ്തുവിന്‍റെ വംശാവലിഗ്രന്ഥം. അബ്രാഹം ഇസഹാക്കിന്‍റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്‍റെയും യാക്കോബ് യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു. താമാറില്‍നിന്നു ജനിച്ച പേരെസിന്‍റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ് ഹെസ്റോന്‍റെയും ഹെസ്റോന്‍ ആരാമിന്‍റെയും ആരാം അമിനാദാബിന്‍റെയും അമിനാദാബ് നഹ്ഷോന്‍റെയും നഹ്ഷോന്‍ സല്‍മോന്‍റെയും പിതാവായിരുന്നു. സല്‍മോന്‍ റാഹാബില്‍നിന്നു ജനിച്ച ബോവാസിന്‍റെയും ബോവാസ് റൂത്തില്‍നിന്നു ജനിച്ച ഓബദിന്‍റെയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്‍റെയും പിതാവായിരുന്നു.
ദാവീദ് ഊറിയായുടെ ഭാര്യയില്‍നിന്നു ജനിച്ച സോളമന്‍റെ പിതാവായിരുന്നു. സോളമന്‍ റഹോബോവാമിന്‍റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു. ആസാ യോസഫാത്തിന്‍റെയും യോസഫാത്ത് യോറാമിന്‍റെയും യോറാം ഓസിയായുടെയും ഓസിയാ യോഥാമിന്‍റെയും യോഥാം ആഹാസിന്‍റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും മനാസ്സെ ആമോസിന്‍റെയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു. ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു ജോസിയാ.
യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്‍റെയും സലാത്തിയേല്‍ സൊറൊബാബേലിന്‍റെയും സൊറൊബാബേല്‍ അബിയൂദിന്‍റെയും അബിയൂദ് എലിയാക്കിമിന്‍റെയും എലിയാക്കിം ആസോറിന്‍റെയും ആസോര്‍ സാദോക്കിന്‍റെയും സാദോക്ക് അക്കീമിന്‍റെയും അക്കീം ഏലിയൂദിന്‍റെയും ഏലിയൂദ് എലെയാസറിന്‍റെയും എലെയാസര്‍ മഥാന്‍റെയും മഥാന്‍ യാക്കോബിന്‍റെയും പിതാവായിരുന്നു. യാക്കോബ് മറിയത്തിന്‍റെ ഭര്‍ത്താവായ ജോസഫിന്‍റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
(യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു: അവന്‍റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്‍റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.)
കര്‍ത്താവിന്‍റെ സുവിശേഷം.
(ബ്രായ്ക്കറ്റിലുള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here