സെപ്തംബര്‍ 29 മുഖ്യദൂതന്‍മാരായ മൈക്കിള്‍, ഗബ്രിയേല്‍, റാഫേല്‍ (തിരുന്നാള്‍)

ഒന്നാം വായന
ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (7:9-10,13-14)
(പതിനായിരം പരിനായിരംപേര്‍ അവന്‍റെ മുന്‍പില്‍നിന്നു)
ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി, അവന്‍റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്‍റെ സിംഹാസനം; അതിന്‍റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി. അവന്‍റെ മുന്‍പില്‍നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരം പതിനായിരംപേര്‍ അവന്‍റെ മുന്‍പില്‍നിന്നു. ന്യായാധിസഭ ന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു. നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു. ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്‍റെ മുന്‍പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്.
അല്ലെങ്കില്‍

വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (12:7-12a)
(മിഖായേലും അവന്‍റെ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി )
സ്വര്‍ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്‍റെ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്‍റെ ദൂതന്‍മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്‍റെ ദൂതന്‍മാരും. സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്‍റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു. അവരാകട്ടെ കുഞ്ഞാടിന്‍റെ രക്തംകൊണ്ടും സ്വന്തം സാക്ഷ്യത്തിന്‍റെ വചനംകൊണ്ടും അവന്‍റെമേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി. അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (138:1-2a,2bc3,45)
R (v. 1c) കര്‍ത്താവേ, മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
1. കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു.
R കര്‍ത്താവേ, മാലാഖമാരുടെ മുന്‍പില്‍ …………..
2. അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്‍റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
R കര്‍ത്താവേ, മാലാഖമാരുടെ മുന്‍പില്‍ …………..
3. കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു. അവര്‍ കര്‍ത്താവിന്‍റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്‍റെ മഹത്വം വലുതാണ്.
R കര്‍ത്താവേ, മാലാഖമാരുടെ മുന്‍പില്‍ …………..
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ.103:21) കര്‍ത്താവിന്‍റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍. അല്ലേലൂയാ!

സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:47-49)
(ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്‍റെമേല്‍ ഇറങ്ങിവരുന്നതും
നിങ്ങള്‍ കാണും)
അക്കാലത്ത്, നഥാനയേല്‍ തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്‍റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്‍റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു. അല്ലേ? എന്നാല്‍ അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്‍റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here