സെപ്തംബര്‍ 21 – വി. മത്തായി അപ്പസ്തോലന്‍(തിരുന്നാള്‍)

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്

എഴുതിയ ലേഖനത്തില്‍ നിന്ന്(4: 1-7, 11-13)

(അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും മറ്റും                                ആകാന്‍ വരം നല്‍കി)

സഹോദരരേ, കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്‍റെ ബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം. നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്‍റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്‍റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്‍റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(19: 1-2,3-4ab)

R (v.4a) അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.

1. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

R അവയുടെ സ്വരം ഭൂമിയിലെങ്ങും………….

.2. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്‍റെ അതിര്‍ത്തിയോളം എത്തുന്നു

R അവയുടെ സ്വരം ഭൂമിയിലെങ്ങും…………..

അല്ലേലൂയാ   !അല്ലേലൂയാ! നമുക്കു ദൈവത്തെ സ്തുതിക്കാം; നമുക്ക് അവിടുത്തെ പാടിപ്പുകഴ്ത്താം. കര്‍ത്താവേ, അനുഗൃഹീതരായ അപ്പസ്തോലന്‍മാരുടെ ഗണം അങ്ങയെ സ്തുതിക്കുന്നു.  അല്ലേലൂയാ!

സുവിശേഷം

വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (9:9-13)

(എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു)

അക്കാലത്ത്, യാത്രാമദ്ധ്യേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും  ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതി കണ്ട് ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ  അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here