സുഡാനിലെ ജനങ്ങൾക്ക് സാന്ത്വനമായി മാർപാപ്പയുടെ സഹായം

വത്തിക്കാൻ: ആഭ്യന്തരകലഹവും ദാരിദ്ര്യവും മൂലം വേദനയനുഭവിക്കുന്ന സുഡാനിലെ ജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ സഹായം. ‘സുഡാനായി മാർപാപ്പ’ എന്ന പദ്ധതിയുടെ കീഴിയിലാണ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ വത്തിക്കാന്‍ സഹായം ലഭ്യമാക്കുന്നത്. ഇക്കാര്യം ജൂൺ 21 ന് വത്തിക്കാനാണ് മാധ്യമങ്ങളെ അറിയിച്ചത്. സുഡാൻ ടോബുര-യാബിയോ രൂപതയുടെ കീഴിലുള്ള വോ ആശുപത്രിയ്ക്കും നസ്ര ആശുപത്രിയിലും മാർപാപ്പയുടെ പദ്ധതിയുടെ സഹായം ലഭിക്കും. കഴിഞ്ഞ മാസം സുഡാനിലേക്ക് മാർപാപ്പയുടെ സന്ദർശനം തീരുമാനിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നു യാത്ര ഒഴിവാക്കി സഹായം എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

കർദിനാൾ പീറ്റർ ടർക്സണിന്റെ നേതൃത്വത്തിലുള്ള സമഗ്ര മാനവിക ഉന്നമന കൗൺസിലിലൂടെയായിരിക്കും സഹായമെത്തിക്കുക. സുഡാൻ നിവാസികൾക്ക് സഭയുടെ സാന്നിധ്യവും സാന്ത്വനവും ഉറപ്പുവരുത്തുമെന്ന് കർദിനാൾ ടർക്ക്സൺ അറിയിച്ചു. രാജ്യത്തെ കൃഷിയെ പരിപോഷിപ്പിക്കാൻ രണ്ടു ലക്ഷം യൂറോയുടെ ധനസഹായം മാർപ്പാപ്പ നല്കും.

നിശ്ബ്ദ സഹനങ്ങളിലൂടെയും രക്തചൊരിച്ചിലിലൂടെയും കഷ്ടപ്പെടുന്നവരെയും അധികാര ദുർവിനിയോഗം, അനീതി, യുദ്ധം എന്നിവ മൂലം പലായനം ചെയ്യുന്നവരേയും മാർപാപ്പ തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും ഓർക്കുന്നതായി കർദിനാൾ ടർക്ക്സൺ പറഞ്ഞു. അതിർത്തികൾപ്പുറം സമാധാനം പുനഃസ്ഥാപിക്കാൻ ഒരു സമൂഹമായി തീരുക എന്നതാണ് മാർപ്പാപ്പയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളിഡാരിറ്റി ഓഫ് സുഡാൻ സംഘടനയോട് ചേർന്ന് അദ്ധ്യാപകരുടേയും നേഴ്സുമാരുടേയും, കർഷകരുടേയും, സഭാ നേതാക്കന്മാർക്കും മാർപാപ്പയുടെ പദ്ധതിയുടെ ഭാഗമായി പരിശീലനം നല്കും. കൃഷിയുപകരണങ്ങളും വിത്തും നലകി സ്വന്തം കുടുംബത്തിന് ആവശ്യമായവ ഉത്പാദിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുവാനും പദ്ധതി ഉണ്ട്. 2013 മുതൽ സുഡാനിൽ നിലനില്ക്കുന്ന ആഭ്യന്തര കലഹം, പ്രദേശത്തെ സമാധാനം കെടുത്തി ജനങ്ങളെ പട്ടിണിയിലാഴ്ത്തിയിരിന്നു.

രാജ്യത്തു പത്തു ലക്ഷത്തോളം ആളുകള്‍ പട്ടിണിമൂലം മരണപ്പെടാൻ സാധ്യതയുളളതായി കാരിത്താസ് അന്താരാഷ്ട്ര സംഘടനാ സെക്രട്ടറി മൈക്കിൾ റോയി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മാർപ്പാപ്പയുടെ സഹായത്തോടൊപ്പം അന്താരാഷ്ട്ര സംഘടനകളുടെയും സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ‘സുഡാനിനോടൊപ്പം പങ്കുചേരുക’ എന്നാണ് മാർപാപ്പ തന്റെ സഹായത്തിലൂടെ ഓർമ്മിപ്പിക്കുന്നതെന്ന് കത്തോലിക്കാ റിലീഫ് സർവീസസ് (സി.ആർ.എസ്) പ്രസിഡന്റ് സീൻ കൽഹാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here