ശൂന്യതകളിൽ പ്രത്യാശയുണ്ട് !

ദൈവത്തെ അനുഭവിച്ചറിയുവാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? അദൃശ്യനായ ദൈവം ദൃശ്യമായ അടയാളങ്ങളോടുകൂടെ നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നുവരുന്നുണ്ട്. എന്നാൽ പലപ്പോഴും ആ ദൈവത്തിന്റെ കരങ്ങൾ, സാന്നിധ്യം നാം തിരിച്ചറിയാതെ പോകുന്നുവെന്നതാണ് വാസ്തവം. സാധാരണ മനുഷ്യന്റെ ജീവിതത്തിൽ പതിയിരിക്കുന്ന ഒരു അപകടമുണ്ട്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ ദൈവത്തിന്റെ കരങ്ങൾ കാണുവാൻ സാധിക്കാതെ പോകുന്നു എന്നതാണ് അത്.

ദൈവത്തിന്റെ കരുതലും പരിപാലനയും നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാവുന്നത് സമൃദ്ധിയുടെ നാളുകളിലല്ല, പ്രത്യുത ഇല്ലായ്മയുടെയും ഏകാന്തതയുടെയും കാലത്താണ്. നാം ശരിക്കും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. അല്ലെങ്കിൽ ഏറ്റവും അടുത്തവർപോലും നമ്മെ ഉപേക്ഷിച്ച് കടന്നുകളയുന്നു. ഭീകരമായ അന്ധകാരം വന്ന് മൂടുമ്പോൾ ഇനി ജീവിക്കേണ്ട എന്നുപോലും ചിന്തിക്കുന്ന നിമിഷങ്ങളിൽ പ്രകാശമായി കടന്നുവരുന്നവനാണ് ദൈവം. വിശന്ന് വലഞ്ഞിരിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും രുചികരമല്ലാത്ത ഭക്ഷണവും സ്വാദിഷ്ടമായി തോന്നുന്നു. അതുപോലെ ദൈവത്തിന്റെ കരുണാമയമായ സാന്നിധ്യം മധുരതരമായി ഈ നിമിഷങ്ങളിൽ ഒരാൾക്ക് അനുഭവപ്പെടുന്നു

.ചങ്കൂറ്റത്തിന്റെ നാളുകളിൽ
ഇതിന് നല്ലൊരു ഉദാഹരണം ഏലിയാ പ്രവാചകന്റെ ജീവിതമാണ്. ദൈവം സർവശക്തനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ എത്ര വലിയ അത്ഭുതങ്ങളാണ് ഏലിയാവഴി ദൈവം ചെയ്തത്. രാജ്യത്ത് വരൾച്ചയുണ്ടാകുവാൻ ദൈവനാമത്തിൽ കല്പിക്കുകയും അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ചങ്കൂറ്റം ശ്രദ്ധിക്കുക: ”ഇസ്രായേലിന്റെ ദൈവമായ കർത്താവാണേ, വരുംകൊല്ലങ്ങളിൽ ഞാൻ പറഞ്ഞാലല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല” (1 രാജാക്കൻമാർ 17:1). ഏറെനാൾ കഴിഞ്ഞ് മഴ പെയ്യുവാൻ പ്രാർത്ഥിക്കുന്നു. കൊടുംവരൾച്ച പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് ദൈവം മഴ പെയ്യിക്കുന്നു. ഈ വരൾച്ചയുടെ കാലഘട്ടത്തിൽത്തന്നെ മറ്റൊരു അത്ഭുതം ചെയ്യുന്നുണ്ട് ഏലിയാ. ദരിദ്രയായ വിധവയുടെ കലവും ഭരണിയും ആശീർവദിക്കുന്നതുവഴി കലത്തിലെ മാവ് ഈ നാളുകളിൽ തീർന്നുപോകുന്നില്ല, ഭരണിയിലെ എണ്ണ വറ്റുന്നില്ല. എന്തൊരു അത്ഭുതമാണിത്. എടുക്കുന്നതനുസരിച്ച് മാവ് വന്ന് നിറയുന്നു.കോരുന്ന അപ്പോൾത്തന്നെ എണ്ണ ശൂന്യതയിൽനിന്ന് ഒഴുകിയിറങ്ങുന്നു.

ബാലിന്റെ പ്രവാചകന്മാരെ വെല്ലുവിളിക്കുന്ന ഏലിയായെയും കാണുന്നുണ്ട് നാം. യഥാർത്ഥ ദൈവം ആരാണെന്ന് തെളിയിക്കുവാൻ ശ്രമിക്കുകയാണ് അദ്ദേഹമിവിടെ. ദഹനവസ്തുക്കളിന്മേൽ അഗ്നി ഇറക്കി ദഹിപ്പിക്കുന്ന ദൈവം തന്നെ യഥാർത്ഥ ദൈവം. ബാലിന്റെ പ്രവാചകന്മാർ പരാജയപ്പെട്ട ഇടത്ത് സർവശക്തനായ ദൈവത്തിന്റെ ജയക്കൊടി പറത്തുന്നു ഏലിയാപ്രവാചകൻ.

ശൂന്യതയുടെ കാലത്ത്
എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഈ അവസരങ്ങളിലൊക്കെ ദൈവത്തിന്റെ അപരിമേയമായ ശക്തി അദ്ദേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ തന്റെതന്നെ ജീവിതത്തിൽ അത് അനുഭവിച്ചറിയുവാൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വരൾച്ചയും പട്ടിണിയും ഉണ്ടാകുന്നു. തന്റെ എല്ലാ ശക്തിയും ചോർന്നുപോയെന്ന് തോന്നുന്ന ഒരു സാഹചര്യമാണിത്.

ഏത് ദൈവഭക്തന്റെയും ജീവിതത്തിൽ ദൈവം ഇത് അനുവദിക്കുന്നുണ്ട്. ഒരു നാളിൽ വളരെ ശക്തിയോടെ വ്യാപരിച്ചയാൾ തീർത്തും ദുർബലനായി പിന്നീട് കാണപ്പെടുന്നു. ഇത് ദൈവം അനുവദിക്കുന്നതാണെന്ന്ഓർക്കുക. ഈ നാളുകളിലും ദൈവത്തോടുതന്നെ ചേർന്ന് നില്ക്കുക. ചോർന്നുപോയ ശക്തി അവിടുന്ന് നിറച്ച് തരികതന്നെ ചെയ്യും. കൂടെ ഒരു തിരിച്ചറിവും ലഭിക്കുന്നു, നിറയ്ക്കുവാനും ശൂന്യമാക്കുവാനുമുള്ള അധികാരം ദൈവത്തിന്റേതാണ്. ഞാൻ ഒന്നുമല്ല. എല്ലാം ദൈവത്തിന്റെ ദാനമാകയാൽ അഹങ്കരിക്കുവാൻ ഒന്നുമില്ല.

ഏലിയാപ്രവാചകന്റെ ജീവിതത്തിൽ ഇത് സംഭവിക്കുന്നത് ജസബെലിന്റെ ഭീഷണി വഴിയാണ്. പ്രവാചകന്റെ ജീവനെടുക്കുമെന്ന് ഭയപ്പെടുത്തിയപ്പോൾ ഏലിയാ ജീവനുംകൊണ്ട് ഓടുകയാണ്. മുൻപ് പ്രദർശിപ്പിച്ച ചങ്കൂറ്റവും ധൈര്യവും എവിടെ? എല്ലാം ദൈവം നല്കി. ഇപ്പോൾ ദൈവം അത് പിൻവലിക്കുന്നു. ഏലിയാപ്രവാചകൻ ഭൃത്യനോടൊത്താണ് പലായനം ചെയ്യുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ ഭൃത്യന് തോന്നി: ‘ഇദ്ദേഹത്തിന്റെ കൂടെ പോയാൽ ഗതി പിടിക്കുകയില്ല.’ ഭൃത്യനും പ്രവാചകനെ ഉപേക്ഷിച്ചു.

അതങ്ങനെയേ സംഭവിക്കൂ. നാം ആരിലൊക്കെ ആശ്രയം വയ്ക്കുന്നുവോ അവരൊക്കെ നമ്മെ ഉപേക്ഷിക്കും. കഠിനമായ ഒരു ഒറ്റപ്പെടൽ. അത് ദൈവം അനുവദിക്കുന്നതാണ്. ദൈവത്തെ വളരെ വ്യക്തമായി കാണുവാൻ ആ ഒറ്റപ്പെടൽ സഹായിക്കുന്നു. കാരണം ഇപ്പോൾ നോക്കുവാൻ മറ്റാരും ഇല്ലല്ലോ. ഏലിയായുടെ ഏകാന്തയാത്ര മരുഭൂമിയിലൂടെയാണ്. അത്ഭുതങ്ങൾ കണ്ട് അതിശയം പൂണ്ട ജനക്കൂട്ടം ഇപ്പോഴില്ല. മനസും ശരീരവും വിങ്ങുന്നു. ‘ദൈവം തന്നെ എന്നെ ഉപേക്ഷിച്ചുവോ?’

തണൽ നല്കുവാൻ നല്ലൊരു തണൽമരംപോലുമില്ല. മുൻപിൽ കണ്ട ഒരു വാടാമുൾച്ചെടിയുടെ തണലിൽ പ്രവാചകൻ ഇരുന്നു. ‘എന്റെ ദൗത്യം തീർന്നു. ഇനി മരിക്കുവാൻ ഒരുങ്ങാം’ – അദ്ദേഹം ചിന്തിക്കുന്നു. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: ”കർത്താവേ, മതി. എന്റെ പ്രാണനെ സ്വീകരിച്ചാലും.” അതിനുശേഷം ക്ഷീണംകൊണ്ട് ആ മുൾച്ചെടിയുടെ തണലിൽ കിടന്ന് ഉറങ്ങിപ്പോയി. ആ മരുഭൂമിയുടെ കൊടുംചൂടിൽ മുൾച്ചെടി നല്കുന്ന അല്പമായ തണലിൽ ഉറങ്ങിപ്പോകണമെങ്കിൽ അദ്ദേഹത്തിന്റെ മാനസിക-ശാരീരിക ക്ഷീണം എത്ര വലുതായിരിക്കണം.

ഉറങ്ങാൻ കിടക്കുന്നതിനുമുൻപ് പ്രവാചകൻ പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്. ”ഞാൻ എന്റെ പിതാക്കന്മാരെക്കാൾ മെച്ചമല്ല.” ഒരുപക്ഷേ മുൻപ് വലിയ അത്ഭുതങ്ങൾ ചെയ്യുവാൻ ദൈവകരങ്ങളിൽ ഉപകരണമായപ്പോൾ ഒരു അഹങ്കാരചിന്ത (അതായത് ഞാൻ പിതാക്കന്മാരെക്കാൾ മെച്ചമാണ്) അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവന്നിട്ടുണ്ടാകുമോ? അത് സ്വാഭാവികമാണുതാനും. കാരണം അഹങ്കരിക്കുക എന്നത് മനുഷ്യപ്രകൃതി തന്നെയാണ്.

ഒരു ദൈവഭക്തനോ ശുശ്രൂഷകനോ നിരന്തരം ജാഗ്രത പുലർത്തേണ്ട ഒരു ശത്രുവാണിത്. അത് കടന്നുവന്നു കഴിഞ്ഞാൽപ്പിന്നെ അയാൾ ദൈവത്തിൽനിന്ന് മെല്ലെ അകലും. ദൈവം ഏലിയായെ എത്രമാത്രം സ്‌നേഹിച്ചുവെന്ന് നാം മനസിലാക്കുന്നു. തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരു വ്യക്തി ഒരു കാലത്തും നഷ്ടപ്പെട്ടുപോകുവാൻ ദൈവം അനുവദിക്കുകയല്ല. അതിനാൽ തന്റെ നിസാരത തിരിച്ചറിയുവാനും അത് അധരങ്ങൾകൊണ്ട് ഏറ്റുപറയുവാനും ദൈവം തുണയേകുന്നു.

താണിറങ്ങുന്ന സ്‌നേഹം
തളർന്നുറങ്ങുന്ന മനുഷ്യനെ അവഗണിക്കുന്നവനല്ല ദൈവം. അവിടുന്ന് പ്രവാചകന്റെ അടുത്തേക്ക് തന്റെ ദൂതനെ അയക്കുന്നു. അദ്ദേഹത്തിന് ഏറ്റവും ആവശ്യമുള്ള ഭക്ഷണവുമായി. ദൈവം നല്കുന്നത് ഏറ്റവും നല്ലതും ഫ്രഷ് ആയതുമാണ്. ചുടുകല്ലിൽ ചുട്ടെടുത്ത അപ്പവും വെള്ളവും കഴിക്കുവാൻ ദൂതൻ അദ്ദേഹത്തെ ഉണർത്തിപ്പറയുന്നു. ഭക്ഷണം കഴിച്ചശേഷം അതിയായ ക്ഷീണംകൊണ്ട് കിടന്നുറങ്ങിപ്പോയ ഏലിയായെ ദൂതൻ രണ്ടാം പ്രാവശ്യവും തട്ടിയുണർത്തി ഭക്ഷണം കഴിക്കുവാൻ നിർബന്ധിക്കുകയാണ്.

അതിന് ഒരു കാരണവുമുണ്ട്. ആ ഭക്ഷണം ഒരു പാഥേയമാണ്. വരുന്ന നീണ്ട യാത്രയ്ക്കുള്ള ശക്തിസ്രോതസ്. പുതിയ നിയമത്തിൽ ദൈവം തന്നെത്തന്നെ പകുത്തു നല്കിയ വിശുദ്ധ കുർബാനയുടെ ഒരു മുന്നാസ്വാദനമായിരുന്നോ അത്? ”എന്നെ ഭക്ഷിക്കുന്നവൻ ഞാൻമൂലം ജീവിക്കും” എന്ന യേശുവിന്റെ വാക്കുകൾ ഓരോ ശുശ്രൂഷകനിലും ഇന്ന് അന്വർത്ഥമാകുന്നു. കാരണം അവന്റെ എല്ലാ ശക്തിയുടെയും ഉറവിടം അവന് ജീവൻ നല്കുന്ന ദിവ്യകാരുണ്യ ഈശോതന്നെയാണ്.
ഭക്ഷണം കഴിച്ചശേഷം പിന്നെ ഏലിയാ വിശ്രമിക്കുവാൻ കിടന്നില്ല. ശരീരത്തിന്റെ ക്ഷീണം മാറുവാൻ മാത്രമുള്ള വിശ്രമം മതി ഒരു ശുശ്രൂഷകന്. കൂടുതലുള്ളത് അലസതയിലേക്കും ആലസ്യത്തിലേക്കും നയിക്കും. ഏലിയാ എഴുന്നേറ്റ് നടന്നു, ഒന്നോ രണ്ടോ ദിവസമല്ല. നാല്പതു രാവും നാല്പതു പകലും അദ്ദേഹം തുടർച്ചയായി നടന്നു. അതാണ് ദൈവം നല്കുന്ന അപ്പത്തിന്റെ ദൈവികശക്തി.

അദ്ദേഹം എത്തിച്ചേർന്നത് എവിടെയാണെന്നോ? കർത്താവിന്റെ മലയിൽ – ഹോറെബിൽ. അവിടെവച്ച് ദൈവത്തിന്റെ ജീവൻ പകരുന്ന സ്വരം ഏലിയാ പല പ്രാവശ്യം കേട്ടു. എന്തൊക്കെ വലിയ ദൗത്യങ്ങളാണ് ദൈവം വീണ്ടും ഏല്പിക്കുന്നത് എന്ന് നോക്കുക. രണ്ട് രാജാക്കന്മാരെ (സിറിയായുടെയും ഇസ്രായേലിന്റെയും)അഭിഷേകം ചെയ്യുവാനും തന്റെ പിൻഗാമിയായി ഏലീഷായെ അഭിഷേകം ചെയ്യുവാനും ദൈവം അദ്ദേഹത്തെ ഭരമേല്പിക്കുന്നു.

ഈ ലേഖനം വായിക്കുന്ന നിങ്ങൾ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലായിരിക്കാം. ഒരു കാലത്ത് ആഴമായ ദൈവാനുഭവം ലഭിച്ച വ്യക്തിയായിരിക്കാം. ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യുവാൻ അവിടുന്ന് ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ ഇന്നൊരു നഷ്ടബോധത്തിന്റെയും ഏകാന്തതയുടെയും മരുഭൂമിയിലൂടെ ആയിരിക്കാം നിങ്ങൾ നടക്കുന്നത്. എന്നാൽ ഓർക്കുക, ദൈവം നിങ്ങളെ ഒരിക്കലും മറക്കുകയില്ല. ഏലിയായെ തട്ടിയുണർത്തിയ ദൈവം തന്റെ ദൂതനെ അയച്ച് നിങ്ങളെയും തട്ടിയുണർത്തും. വീണ്ടും അവിടുത്തെ കാണുവാനും അവിടുത്തെ ശബ്ദം കേൾക്കുവാനും കൃപ നല്കും. എല്ലാം അവിടുത്തെ ദാനമാണെന്ന് നിങ്ങൾ തിരിച്ചറിയുവാനാണ് ദൈവം ഇത് അനുവദിച്ചത്. ആ മഹാകാരുണ്യത്തിന്റെ മുൻപിൽ ഇപ്പോൾത്തന്നെ മുട്ടുകൾ മടക്കുക, പ്രാർത്ഥിക്കുക:

LEAVE A REPLY

Please enter your comment!
Please enter your name here