വെനസ്വേലയുടെ രാഷ്ട്രീയ ചുറ്റുപാടില്‍ ആശങ്ക പ്രകടിപ്പിച്ചു ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നടക്കുന്ന അക്രമരാഷ്ട്രീയ സ്ഥിതിഗതികളില്‍ ഫ്രാന്‍സിസ് പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആഗസ്റ്റ് 4 വെള്ളിയാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് തനിക്കുള്ള ആശങ്കയും വേദനയും ഫ്രാന്‍സിസ് പാപ്പാ പ്രകടമാക്കിയത്. വെനസ്വേലയുടെ മാനുഷികവും, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ കാഴ്ചപ്പാടുകള്‍ ഫ്രാന്‍സിസ് പാപ്പ വേദനയോടെയാണ് നോക്കി കാണുന്നതെന്നും രാജ്യത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുകയാണെന്നും വത്തിക്കാന്‍റെ പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യാന്തസ്സും മാനിക്കുകയും, നിലവിലുള്ള ഭരണഘടന മാനിച്ചുകൊണ്ട് അടിസ്ഥാന സ്വാതന്ത്ര്യം നിലനിര്‍ത്തുകയും വേണം. ഭക്ഷണത്തിനും മരുന്നിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിപ്പോലും വിഷമിക്കുന്ന ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് പുതിയ ഭരണഘടനയ്ക്കുള്ള നീക്കങ്ങള്‍ പിന്‍വലിക്കണം. അനുരജ്ഞനവും സമാധാനവും വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നും ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രസ്താവനയില്‍ രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു.

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ രാജ്യത്തെ അവസ്ഥ കൂടുതൽ സങ്കീർണമായി തുടരുകയാണ്. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടു ഭരണഘടനാ നിർമാണ സഭ രൂപീകരിച്ചതിനെ യുഎസ് അടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ അപലപിച്ചിരുന്നു. മഡുറോയുടെ ഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 125 പേരാണു കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here