വി. സ്റ്റീഫന്‍: പ്രഥമ രക്തസാക്ഷി – 26/12/17

ഒന്നാം വായന
അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന്
(6:8-10,7:54-60)
(ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതു ഞാന്‍ കാണുന്നു )
അക്കാലത്ത്,സ്തെഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അത്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. കിറേനക്കാരും അലക്സാണ്‍ഡ്രിയാക്കാരും കീലിക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്‍മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്നാല്‍, അവന്‍റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
അവര്‍ ഇതു കേട്ടപ്പോള്‍ അവന്‍റെനേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാല്‍, അവന്‍ പരുശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്കു നോക്കി ദൈവത്തിന്‍റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്‍റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു. അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്‍റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന ഒരു യുവാവിന്‍റെ കാല്‍ക്കല്‍ അഴിച്ചുവച്ചു. അനന്തരം, അവര്‍ സ്തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളണമേ. അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണനിദ്ര പ്രാപിച്ചു. സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(31:1-2cd-3,5+6b+7a,16+20ab)
R ( v.5a) അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
1. അവിടുന്ന് എന്‍റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗ്ഗവുമായിരിക്കണമേ! അവിടുന്ന് എനിക്ക് പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ!
R അങ്ങയുടെ കരങ്ങളില്‍……….
2. അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു. ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു; അങ്ങയുടെ അചഞ്ചല സ്നേഹത്തില്‍ ഞാന്‍ ആനന്ദമടയും.
R അങ്ങയുടെ കരങ്ങളില്‍……….
3. അങ്ങയുടെ ദൃഷ്ടി ഈ ദാസന്‍റെമേല്‍ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിദ്ധ്യത്തിന്‍റെ മറവില്‍ ഒളിപ്പിച്ചു.
R അങ്ങയുടെ കരങ്ങളില്‍……….
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ.118: 26a+27b)കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്. – അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (10:17-22)
(നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്‍റെ ആത്മാവാണു സംസാരിക്കുന്നത് )
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദ്ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വീജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്‍പിച്ചു കൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്‍റെ ആത്മാവാണു സംസാരിക്കുന്നത്. സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്‍റെ നാമം മൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here