വിശുദ്ധവാരം : ബുധന്‍ – 28/3/2018

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (50:4-9a)
(എന്നെ തല്ലുന്നവരില്‍ നിന്ന് എന്‍റെ മുഖം ഞാന്‍ മറച്ചില്ല –
കര്‍ത്തൃദാസന്‍റെ മൂന്നാം ഗാനം)
പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്‍റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്‍റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല.ഞാന്‍ എന്‍റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടി വരുകയില്ലെന്നു ഞാനറിയുന്നു.എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്‍റെ അടുത്തുണ്ട്. ആരുണ്ട് എന്നോടു മത്സരിക്കാന്‍?നമുക്ക് നേരിടാം, ആരാണ് എന്‍റെ എതിരാളി? അവന്‍ അടുത്തു വരട്ടെ!ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു. ആര് എന്നെ കുറ്റം വിധിക്കും?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (69:7-9,20-21,30,32-33)
R (v. 13) കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
1. അങ്ങയെ പ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും
ലജ്ജ എന്‍റെ മുഖത്തെ ആവരണം ചെയ്തതും
എന്‍റെ സഹോദരര്‍ക്കു ഞാന്‍ അപരിചിതനും
എന്‍റെ അമ്മയുടെ മക്കള്‍ക്കു ഞാന്‍ അന്യനുമായിത്തീര്‍ന്നു.
അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ
വിഴുങ്ങിക്കളഞ്ഞു;
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്‍റെ മേല്‍
നിപതിച്ചു.
R കര്‍ത്താവേ, കരുണാസമ്പന്നനായ…………..
2. നിന്ദനം എന്‍റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍
നൈരാശ്യത്തിലാണ്ടു;
സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു;
ആരെയും കണ്ടില്ല.
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി;
ആരുമുണ്ടായിരുന്നില്ല.
ഭക്ഷണമായി അവര്‍ എനിക്കു വിഷംതന്നു,
ദാഹത്തിന് അവര്‍ എനിക്കു വിനാഗിരി തന്നു.
R കര്‍ത്താവേ, കരുണാസമ്പന്നനായ…………..
3. ഞാന്‍ ദൈവത്തിന്‍റെ നാമത്തെ പാടിസ്തുതിക്കും,
കൃതജ്ഞതാസ്തോത്രത്തോടെ ഞാന്‍ അവിടുത്തെ
മഹത്വപ്പെടുത്തും.
പീഡിതര്‍ അതുകണ്ട് ആഹ്ലാദിക്കട്ടെ!
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍
ഉന്‍മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു:
ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.
R കര്‍ത്താവേ, കരുണാസമ്പന്നനായ…………..
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
ഞങ്ങളുടെ രാജാവേ, വാഴ്ക, ഞങ്ങളുടെ തെറ്റുകളില്‍ അങ്ങേയ്ക്കുമാത്രം അലിവു തോന്നിയല്ലോ.
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (26:14- 25)
(മനുഷ്യപുത്രന്‍ തിരുവെഴുത്തുകളില്‍ പറയുന്നതുപോലെതന്നെ കടന്നുപോകും.
എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നവോ അവനു ദുരിതം)
അക്കാലത്ത്, പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്കറിയോത്താ പ്രധാനപുരോഹിതന്‍മാരുടെ അടുത്തുചെന്നു ചോദിച്ചു:ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?അവര്‍ അവന് മുപ്പതുവെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം ദിവസം ശിഷ്യന്മാര്‍ യേശുവിന്‍റെ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?അവന്‍ പറഞ്ഞു:നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തുചെന്ന് പറയുക:ഗുരു പറയുന്നു, എന്‍റെ സമയം സമാഗതമായി; ഞാന്‍ എന്‍റെ ശിഷ്യന്മാരോടുകൂടെ നിന്‍റെ വീട്ടില്‍ പെസഹാ ആചരിക്കും. യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കേ, അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ അതീവ ദുഃഖിതരായി;കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി. അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം!ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!അവനെ ഒറ്റികൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു:ഗുരോ, അതു ഞാനോ?അവന്‍ പറഞ്ഞു:നീ പറഞ്ഞു കഴിഞ്ഞു.
കര്‍ത്താവിന്‍റെ വചനം.

LEAVE A REPLY

Please enter your comment!
Please enter your name here