വിശുദ്ധവാരം : ചൊവ്വ – 27/3/2018

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (49:1-6)
(ഭൂമിയുടെ അതിര്‍ത്തിവരെ നീ എന്‍റെ രക്ഷയാകാന്‍ വിജാതീയര്‍ക്ക് നിന്നെ
ഞാന്‍ പ്രകാശമായിരിക്കയാണ് – കര്‍ത്തൃദാസന്‍റെ രണ്ടാം ഗാനം)
തീരദേശങ്ങളെ, വിദൂരജനതകളേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍:ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്‍റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്‍റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു: എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്‍റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്‍റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. ഞാന്‍ പറഞ്ഞു:ഞാന്‍ വ്യര്‍ത്ഥമായി അധ്വാനിച്ചു;എന്‍റെ ശക്തി വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്‍റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരികെകൊണ്ടുവരാനും ഇസ്രായേലിനെ തന്‍റെ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചു തന്നെ എന്നെ തന്‍റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ് എന്നെ ആദരിക്കുകയും എന്‍റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിന്‍റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്‍റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്‍റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്‍റെ പ്രകാശമായി നല്‍കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (71:1-2 ,3-4, 5 -6, 15,17 )
R (v 15) എന്‍റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വ്വവും രക്ഷാകരവുമായപ്രവൃത്തികള്‍ ആഘോഷിക്കും.
1. കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരു നാളും ലജ്ജിക്കാനിടയാകരുതേ!
അങ്ങയുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ!എന്‍റെ യാചനകേട്ട്
എന്നെ രക്ഷിക്കണമേ!
R എന്‍റെ അധരങ്ങള്‍……………
2. അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗവും
ആയിരിക്കണമേ!
അങ്ങാണ് എന്‍റെ അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗവും.
എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്‍റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!
R എന്‍റെ അധരങ്ങള്‍……………
3. കര്‍ത്താവേ, അങ്ങാണ് എന്‍റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്‍റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്‍റെ ഉദരത്തില്‍ നിന്ന് അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ, സ്തുതിക്കുന്നു.
R എന്‍റെ അധരങ്ങള്‍……………
4. എന്‍റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും
രക്ഷാകരവുമായ പ്രവത്തികള്‍ പ്രഘോഷിക്കും;
അവ എന്‍റെ അറിവിന് അപ്രാപ്യമാണ്.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍
പ്രഘോഷിക്കുന്നു.
R എന്‍റെ അധരങ്ങള്‍……………
കര്‍ത്താവിന്‍റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
ഞങ്ങളുടെ രാജാവേ, വാഴ്ക! പിതാവിനെ അനുസരിച്ച്, കൊല്ലാന്‍ പോകുന്ന ശാന്തമായ കുഞ്ഞാടിനെപ്പോലെ, കുരിശു മരണത്തിന് അങ്ങ് ആനയിക്കപ്പെട്ടു.
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:21-33,36-38)
(നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും…നീ എന്നെ മൂന്നുപ്രാവശ്യം
നിഷേധിക്കുന്നതിനുമുമ്പു കോഴി കൂവുകയില്ല)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരിക്കവേ ആത്മാവില്‍ അസ്വസ്ഥനായി അരുളിച്ചെയ്തു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവന്‍ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യന്മാര്‍ ആകുലചിത്തരായി പരസ്പരം നോക്കി, ശിഷ്യന്മാരില്‍ യേശു സ്നേഹിച്ചിരുന്നവന്‍ അവന്‍റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു. ശിമയോന്‍ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവന്‍ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക. യേശുവിന്‍റെ വക്ഷസ്സില്‍ ചേര്‍ന്നു കിടന്നുകൊണ്ട് അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്?അവന്‍ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ. അവന്‍ അപ്പക്കഷണം മുക്കി ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. അപ്പക്കക്ഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു:നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. എന്നാല്‍, ഭക്ഷണത്തിനിരുന്നവരില്‍ ആരും അവന്‍ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല. പണസഞ്ചി യൂദാസിന്‍റെ പക്കലായിരുന്നതിനാല്‍, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തു പോയി. അപ്പോള്‍ രാത്രിയായിരുന്നു.
അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍ തന്നെ മഹത്വപ്പെടുത്തും. എന്‍റെ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടു പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
ശിമയോന്‍ പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും. പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തത് എന്തുകൊണ്ട് ? നിനക്കുവേണ്ടി എന്‍റെ ജീവന്‍ ഞാന്‍ ത്യജിക്കും. യേശു പ്രതിവചിച്ചു:നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.
കര്‍ത്താവിന്‍റെ വചനം.

LEAVE A REPLY

Please enter your comment!
Please enter your name here