വിഭൂതി കഴിഞ്ഞുവരുന്ന ശനി – 17/2/2018

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (58:9b 14)
(വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി
നല്‍കുകയും ചെയ്താല്‍ നിന്‍റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക. വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്‍റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്‍റെ ഇരുണ്ട വേളകള്‍ മദ്ധ്യാഹ്നം പോലെയാകും. കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയുംപോലെ ആകും നീ. നീ നിന്‍റെ പുരാതന നഷ്ടശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞ മതിലുകള്‍ പുനരുദ്ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്‍റെ വിശുദ്ധ ദിവസത്തില്‍ നിന്‍റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്‍റെ വിശുദ്ധനാമത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്‍റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്‍റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരി ചെയ്യിക്കും. നിന്‍റെ പിതാവായ യാക്കോബിന്‍റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(86:1-2,3-4, 5-6)
R ( v.11) കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ.
1. കര്‍ത്താവേ, ചെവിചായ്ച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനുംനിസ്സഹായനുമാണ്. എന്‍റെ ജീവനെ സംരക്ഷിക്കണമേ. ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്‍റെ ദൈവം.
R കര്‍ത്താവേ ഞാന്‍…………
2. കര്‍ത്താവേ, എന്നോടു കരുണകാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്‍റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക് എന്‍റെ മനസ്സിനെ ഉയര്‍ത്തുന്നു.
R കര്‍ത്താവേ ഞാന്‍…………
3. കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്‍റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!
R കര്‍ത്താവേ ഞാന്‍…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
(എസെ.33:11) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (5:27-32)
(ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനില്ല,
പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്. )
അക്കാലത്ത്, യാത്രാമദ്ധ്യേ ലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. എന്നെ അനുഗമിക്കുക എന്ന് യേശു അവനെടു പറഞ്ഞു. അവന്‍ എല്ലാം ഉപേക്ഷിച്ച്, എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്‍റെ വീട്ടില്‍ അവനുവേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റുള്ളവരുടെയും ഒരു വലിയ ഗണം അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുപ്പോടെ അവന്‍റെ ശിഷ്യരോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here