വലിയവ്യാഴാഴ്ച – 29/3/2018

ഒന്നാം വായന
ഇസയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(61:1-3a,6a,8b-9)

ദൈവമായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാനും കര്‍ത്താവിന്‍റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടാനുംവേണ്ടി അവര്‍ക്കു വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്‍റെ തൈലവും തളര്‍ന്ന മനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ പുരോഹിതന്‍മാരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും.
വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്കും. അവരുമായി ഞാന്‍ നിത്യമായ ഒരുടമ്പടി ഉണ്ടാക്കും. അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീതമായി ജനമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (88: 21-22,25+27)
R (2a) കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തെപ്പറ്റി എന്നേക്കും ഞാന്‍ പാടും.
V എന്‍റെ ദാസനായ ദാവീദിനെ ഞാന്‍ കണ്ടെത്തി; എന്‍റെ കരം സദാ അയാളോടുകൂടെ ആയിരിക്കുന്നതിനും എന്‍റെ ഭുജം അയാളെ ശക്തിപ്പെടുത്തുന്നതിനുംവേണ്ടി, എന്‍റെ വിശുദ്ധതൈലംകൊണ്ടു ഞാന്‍ അയാളെ അഭിഷേചിച്ചു.
R കര്‍ത്താവേ, അങ്ങയുടെ………..
V എന്‍റെ വിശ്വസ്തതയും കാരുണ്യവും അയാളോടുകൂടെ ഉണ്ടായിരിക്കും; എന്‍റെ നാമത്തില്‍ അവന്‍റെ കൊമ്പ് ഉയര്‍ത്തപ്പെടും. അങ്ങ് എന്‍റെ പിതാവും എന്‍റെ ദൈവവും എന്‍റെ രക്ഷയുടെ ശിലയുമാണ് എന്ന് അയാള്‍ എന്നോടു പറയും.
R കര്‍ത്താവേ, അങ്ങയുടെ………..
രണ്ടാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (1: 5-8)
വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്‍റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയുന്നു: ഞാന്‍ ആദിയും അന്ത്യവുമാണ്.
കര്‍ത്താവിന്‍റെ വചനം.
സുവിശേഷപാരായണത്തിനു മുമ്പുള്ള വാക്യം ഇസ 61:1
V കര്‍ത്താവിന്‍റെ ആത്മാവ് എന്നിലുണ്ട്; ദരിദ്രരോടു സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (4: 16-21)

യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാപ്രവാചകന്‍റെ പുസ്തകം അവനു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു. കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പ്പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി: നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here