ലാത്തരന്‍ മഹാദേവാലയ പ്രതിഷ്ഠാത്തിരുനാള്‍ നവംബര്‍ 9

 

ഒന്നാംവായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്(47:1-2, 8-9,12)
(ദേവാലയത്തില്‍നിന്നും വെള്ളം ഒഴുകുന്നതു കണ്ടു;
അത് ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനിന്നു )
അക്കാലത്ത് ദൈവദൂതന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്‍റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്‍റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയപൂമുഖത്തിന്‍റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്‍റെ തെക്കുവശത്ത്, അടിയില്‍നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെഒഴുകിയിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും. നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്‍കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തന്‍ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (46:2-3,5-6,7-8)
R (v.4) ദൈവത്തിന്‍റെ നഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധ
നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന
ഒരു നദിയുണ്ട്.
1. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമദ്ധ്യത്തില്‍
അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല,
ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്‍റെ പ്രകമ്പനം
കൊണ്ടു പര്‍വതങ്ങള്‍ വിറകൊണ്ടാലും
നാം ഭയപ്പെടുകയില്ല.
R ദൈവത്തിന്‍റെ നഗരത്തെ………….
2. ആ നഗരത്തില്‍ ദൈവം വസിക്കുന്നു;അതിന് ഇളക്കം
തട്ടുകയില്ല;
അതിരാവിലെ ദൈവം അതിനെ സഹായിക്കും.
ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം
കൊള്ളുന്നു;
അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ ഭൂമി ഉരുകിപ്പോകുന്നു.
R ദൈവത്തിന്‍റെ നഗരത്തെ………….
3. സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടുകൂടെയുണ്ട്;
യാക്കോബിന്‍റെ ദൈവമാണ് നമ്മുടെ അഭയം.
വരുവിന്‍, കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ കാണുവിന്‍;
അവിടുന്നു ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു
എന്നു കാണുവിന്‍.
R ദൈവത്തിന്‍റെ നഗരത്തെ………….
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (3:9c-11,16-17)
(നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണ്)
സഹോദരരേ, നിങ്ങള്‍ ദൈവത്തിന്‍റെ വയലും വീടുമാണ്. എനിക്കു നല്‍കപ്പെട്ട ദൈവകൃപയനുസരിച്ച് ഒരു വിദഗ്ദശില്‍പിയെപ്പോലെ, ഞാന്‍ അടിസ്ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ് താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ. യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(2Chr.7:16)എന്‍റെ നാമം ഇവിടെ എന്നേക്കും നിലനില്‍ക്കേണ്ടതിന് ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധികരിച്ചിരിക്കുന്നതിനാല്‍, എന്‍റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ ഇതിന്‍മേല്‍ ഉണ്ടായിരിക്കും- അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (2:13-22)
(അവന്‍ പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്)
യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജെറുസലേമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദോവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍ നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്‍റെപിതാവിന്‍റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്‍റെ ശിഷ്യന്‍മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു ചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക?യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക;മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു:ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു:ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ?എന്നാല്‍, അവന്‍ പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്‍റെ ശിഷ്യന്‍മാര്‍ അവന്‍ അതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here