രണ്ടാം വാരം: ശനി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (20/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (9:2-3,11-14)
(കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു)
സഹോദരരേ, ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധസ്ഥലം എന്നു വിളിക്കപ്പെടുന്നു.
എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടേയോ കാളക്കിടാങ്ങളുടേയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. കോലാടുകളുടെയും കാളക്കിടാങ്ങളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്‍റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം, ജീവിക്കുന്നദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(47:1-2,5-6,7-8)
R (v.5a) ജയഘോഷത്തോടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.
1. ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്‍റെ മുന്‍പില്‍ ആഹ്ലാദാരവം മുഴക്കുവിന്‍. അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്‍റെയും രാജാവാണ്.
R ജയഘോഷത്തോടെ…………..
2. ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു. ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍; സ്തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍; കീര്‍ത്തനങ്ങളാലപിക്കുവിന്‍.
R ജയഘോഷത്തോടെ…………..
3. ദൈവം ഭൂമി മുഴുവന്‍റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍. ദൈവം ജനതകളുടെമേല്‍ വാഴുന്നു. അവിടുന്നു തന്‍റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു.
R ജയഘോഷത്തോടെ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ രണ്ടാം പുസ്തകത്തില്‍നിന്ന്
(1:1-4,11-12,19,23-27)
(യുദ്ധത്തില്‍ ശക്തന്‍മാര്‍ വീണതെങ്ങനെ?)
സാവൂളിന്‍റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്ലാഗില്‍ രണ്ടുദിവസം പാര്‍ത്തു. മൂന്നാംദിവസം സാവൂളിന്‍റെ പാളയത്തില്‍നിന്ന് ഒരാള്‍ വസ്ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു. നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേല്‍ പാളയത്തില്‍ നിന്ന് ഞാന്‍ ഓടിപ്പോന്നിരിക്കയാണ് എന്ന് അവന്‍ മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. ഒട്ടേറെപ്പേര്‍ മരിച്ചുവീണു. സാവൂളും മകന്‍ ജോനാഥനും കൊല്ലപ്പെട്ടു.
അപ്പോള്‍, ദാവീദ് ദുഃഖാതിരേകത്താല്‍ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെ ചെയ്തു. സാവൂളും മകന്‍ ജോനാഥനും കര്‍ത്താവിന്‍റെ ജനമായ ഇസ്രായേല്‍കുടുംബാംഗങ്ങളും യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ച് വിലപിക്കുകയും സന്ധ്യവരെ ഉപവസിക്കുകയും ചെയ്തു.
ദാവീദ് പറഞ്ഞു: ഇസ്രായേലേ, നിന്‍റെ മഹത്വം നിന്‍റെ ഗിരികളില്‍ നിഹതമായി ശക്തന്‍മാര്‍ നിപതിച്ചതെങ്ങനെ? ഗത്തില്‍ ഇതു പറയരുത്. സാവൂളും ജോനാഥനും, പ്രിയരും, പ്രാണപ്രിയരും, ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍പിരിഞ്ഞില്ല. കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍! ഇസ്രായേല്‍ പുത്രമാരേ, സാവൂളിനെച്ചൊല്ലി കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായി കടുംചെമപ്പുടുപ്പിച്ചു; ആടകളില്‍ പൊന്നാഭരണമണിയിച്ചു. യുദ്ധത്തില്‍ ശക്തന്‍മാര്‍ വീണതെങ്ങനെ? നിന്‍റെ ഗിരികളില്‍ ജോനാഥന്‍ വധിക്കപ്പെട്ടു കിടക്കുന്നു. സോദരാ, ജോനാഥാന്‍, നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലനായിരുന്നു; എന്നോടുള്ള നിന്‍റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധമായിരുന്നു. ശക്തന്‍മാര്‍ വീണുപോയതും ആയുധങ്ങള്‍ തകര്‍ന്നുപോയതുമെങ്ങനെ?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(80:1-2,4-6)
R (v.3b) ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
1. ഇസ്രായേലിന്‍റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ! എഫ്രായിമിനും ബഞ്ചമിനും മനാസ് സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!
R ദൈവമേ, അങ്ങയുടെ…………..
2. സൈന്യങ്ങളിടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും? അങ്ങ് അവര്‍ക്കു ദുഃഖം ആഹാരമായി നല്‍കി; അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു. അങ്ങു ഞങ്ങളെ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമാക്കി; ഞങ്ങളുടെ ശത്രുക്കള്‍ പരിഹസിച്ചു ചിരിക്കുന്നു.
R ദൈവമേ, അങ്ങയുടെ…………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.2.അപ്പ.16:1b) കര്‍ത്താവേ, അങ്ങയുടെ പുത്രന്‍റെ വചനങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങളുടെ ഹൃദയത്തെ തുറക്കേണമേ. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (3:20-21)
(അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നവെന്ന് അവര്‍ കേട്ടിരുന്നു)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോടൊപ്പം ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. അവന്‍റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നവെന്ന് അവര്‍ കേട്ടിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here