രണ്ടാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (18/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (7:25-8:6)
(അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍
ബലിയര്‍പ്പിച്ചിരിക്കുന്നു)
സഹോദരരേ, തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അനന്തരം ജനത്തിന്‍റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസതവത്തില്‍, നിയമം ബലഹീനരായ മനുഷ്യരെയാണ് പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്‍റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.
ഇതുവരെ പ്രതിപാദിച്ചതിന്‍റെ ചുരുക്കം ഇതാണ്; സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ വിശുദ്ധവസ്തുക്കളുടെയും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിതവുമായ സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനാണ്. പ്രധാനപുരോഹിതന്‍മാര്‍ കാഴ്ചകളും ബലികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു. അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്‍മാര്‍ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല. സ്വര്‍ഗീയ വസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മോശ കൂടാരം തീര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവം ഇപ്രകാരം അവനെ ഉപദേശിച്ചു: പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് എല്ലാം ചെയ്യാന്‍ ശ്രദ്ധിച്ചുകൊള്ളുക. ഇപ്പോഴാകട്ടെ, ക്രിസ്തു കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഒരു ഉടമ്പടിയുടെ മദ്ധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായ ഒരു ശുശ്രൂഷകസ്ഥാനവും അവനു ലഭിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(40:6-7a,7b-8.16)
R (v.cf.7a+8a) കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്‍റെ സന്തോഷം.
1. ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്ന് എന്‍റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.
R കര്‍ത്താവേ, ഇതാ ഞാന്‍…………..
2. പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എന്‍റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്‍റെ സന്തോഷം, അങ്ങയുടെ നിയമം എന്‍റെ ഹൃദയത്തിലുണ്ട്.
R കര്‍ത്താവേ, ഇതാ ഞാന്‍…………..
3. അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവര്‍ കര്‍ത്താവു വലിയവനാണെന്നു നിരന്തരം ഉദ്ഘോഷിക്കട്ടെ!
R കര്‍ത്താവേ, ഇതാ ഞാന്‍…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ ഒന്നാം പുസ്തകത്തില്‍നിന്ന്
(18:6-9; 19: 1-7)
(ദാവീദ് ഒരു കവണയും കല്ലുംകൊണ്ട് ഗോലിയാത്തിനെ കൊന്ന്
വിജയം വരിച്ചു)
അക്കാലത്ത്, ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു. അവര്‍ സന്തോഷംകൊണ്ട് മതിമറന്നു പാടി: സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല. കോപാകുലനായി അവന്‍ പറഞ്ഞു: അവര്‍ ദാവീദിനു പതിനായിരിങ്ങള്‍ കൊടുത്തു; എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്? അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി.
ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥനോടും ഭൃത്യന്‍മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്‍റെ മകന്‍ ജോനാഥന്‍ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു. ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എന്‍റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഓളിച്ചിരിക്കുക. നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്‍റെ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം. ജോനാഥന്‍ തന്‍റെ പിതാവ് സാവൂളിനോട് ദാവീദിനെപ്പറ്റി നന്നായി സംസാരിച്ചു. അവന്‍ പറഞ്ഞു: ദാസനായ ദാവീദിനോട് രാജാവ് തിന്‍മ പ്രവര്‍ത്തിക്കരുതേ! അവന്‍ അങ്ങയോട് തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അവന്‍റെ പ്രവൃത്തികള്‍ അങ്ങേക്ക് ഗുണകരമായിരുന്നതേയുള്ളു. അവന്‍ സ്വജീവനെ അവഗണിച്ചു പോലും ഗോലിയാത്തിനെ വധിച്ചു; മഹത്തായ വിജയം കര്‍ത്താവ് ഇസ്രായേല്യര്‍ക്കു നല്‍കി. അതുകണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെ കൊന്ന്, നിഷ്കളങ്കരക്തം ചൊരിഞ്ഞ്, പാപം ചെയ്യുന്നതെന്തിന്? സാവൂള്‍ ജോനാഥന്‍റെ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു കര്‍ത്താവിന്‍റെ നാമത്തില്‍ ശപഥം ചെയ്തു. ജോനാഥന്‍ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവീദിനെ സാവൂളിന്‍റെ അടുക്കല്‍കൊണ്ടുവന്നു. ദാവീദ് മുന്‍പത്തെപ്പോലെ അവനെ സേവിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(56:1-2,8-9ab,9c-11,12-13)
R (v.4b) ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു.
1. ദൈവമേ, എന്നോടു കരുണ തോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍ എന്നെ പീഡിപ്പിക്കുന്നു. ദിവസം മുഴുവനും എന്‍റെ ശത്രുക്കള്‍ എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെ യുദ്ധം ചെയ്യുന്നു.
R ദൈവത്തില്‍…………..
2. അവിടുന്ന് എന്‍റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്‍റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ ശത്രുക്കള്‍ പിന്തിരിയും.
R ദൈവത്തില്‍…………..
3. ദൈവം എന്‍റെ പക്ഷത്താണെന്നു ഞാനറിയുന്നു. ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
R ദൈവത്തില്‍…………..
4. ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും. ഞാന്‍ ദൈവസന്നിധിയില്‍ ജീവന്‍റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്‍റെ ജീവനെ മരണത്തില്‍നിന്നും, എന്‍റെ പാദങ്ങളെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.
R ദൈവത്തില്‍…………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.2.തിമോ.1:10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്‍റെ സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (3:7-12)
(അശുദ്ധാത്മാക്കള്‍ ‘അങ്ങു ദൈവപുത്രനാണ്’ എന്നു പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ ആരെന്ന് വെളിപ്പെടരുതെന്ന് അവിടുന്ന് അവര്‍ക്കു
കര്‍ശനമായ താക്കീത് നല്കി)
അക്കാലത്ത് യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍ നിന്നും ജോര്‍ദാന്‍റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം അളുകള്‍, അവന്‍റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്‍റെ അടുത്തെത്തി. ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന്‍ ശിഷ്യന്‍മാരോട് ഒരു വള്ളം ഒരുക്കി നിറുത്താന്‍ ആവശ്യപ്പെട്ടു. എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്‍റെ മുമ്പില്‍ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവന്‍ അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here