രണ്ടാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (17/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (7:1-3,15-17)
(നീ മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു)
സഹോദരരേ, രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങി വന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേമിന്‍റെ രാജാവും അത്യുന്നതനുമായ ദൈവത്തിന്‍റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. സകലത്തിന്‍റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്‍റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്‍റെ – സമാധാനത്തിന്‍റെ – രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്‍റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.
മെല്‍ക്കിസെദേക്കിന്‍റെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു. ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്‍റെ ശക്തിനിമിത്തമാണ് പുരോഹിതനായത്. എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(110:1,2,3,4)
R (v.4a) മെല്‍ക്കിസെദേക്കിന്‍റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
1. കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്കുക.
R മെല്‍ക്കിസെദേക്കിന്‍റെ…………..
2. കര്‍ത്താവു സീയോനില്‍നിന്നു നിന്‍റെ അധികാരത്തിന്‍റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മദ്ധ്യത്തില്‍ നീ വാഴുക.
R മെല്‍ക്കിസെദേക്കിന്‍റെ…………..
3. വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്‍റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെ യുവാക്കള്‍ നിന്‍റെ അടുത്തേക്കുവരും.
R മെല്‍ക്കിസെദേക്കിന്‍റെ…………..
4. കര്‍ത്താവു ശപഥംചെയ്തു: മെല്‍ക്കിസെദേക്കിന്‍റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു. അതിനു മാറ്റമുണ്ടാവുകയില്ല.
R മെല്‍ക്കിസെദേക്കിന്‍റെ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ ഒന്നാം പുസ്തകത്തില്‍നിന്ന്
(17:32-33, 37, 40-51)
(ദാവീദ് ഒരു കവണയും കല്ലുംകൊണ്ട് ഗോലിയാത്തിനെ കൊന്ന്
വിജയം വരിച്ചു)
അക്കാലത്ത്, ദാവീദ് സാവൂളിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെയോര്‍ത്ത് ആരും അധൈര്യപ്പെടേണ്ടാ: അവനോട് അങ്ങയുടെ ദാസന്‍ യുദ്ധം ചെയ്യാം.സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാന്‍ നീ ശ്കതനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ ചെറുപ്പം മുതല്‍ യോദ്ധാവാണ്. ദാവീദ് പറഞ്ഞു: സിംഹത്തിന്‍റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്ഷിച്ച കര്‍ത്താവ് ഈ ഫിലിസ്ത്യന്‍റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും. സാവൂള്‍ ദാവീദിനോടു പറഞ്ഞു: പോവുക; കര്‍ത്താവ് നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!
അനന്തരം ദാവീദ് തന്‍റെ വടിയെടുത്തു. തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലു തിരഞ്ഞെടുത്ത് സഞ്ചിയില്‍ ഇട്ടു. കവിണ അവന്‍റെ കൈയിലുണ്ടായിരുന്നു. അവന്‍ ഫിലിസ്ത്യനെ സമീപിച്ചു. ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍ മുന്‍പേ നടന്നു. ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യന് പുച്ഛം തോന്നി. എന്തെന്നാല്‍, അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍ മാത്രമായിരുന്നു. ഗോലിയാത്തു ദാവീദിനോടു ചോദിച്ചു: എന്‍റെ നേരേ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ? അവന്‍ ദേവന്‍മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു. അവന്‍ ദാവീദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിന്‍റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും. ദാവീദ് പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നാമത്തിലാണ് വരുന്നത്. കര്‍ത്താവ് നിന്നെ ഇന്ന് എന്‍റെ കൈയില്‍ ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിന്‍റെ തല വെട്ടിയെടുക്കും. ഫിലിസ്ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്ന് ലോകമെല്ലാം അറിയും. കര്‍ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്ന് ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കര്‍ത്താവിന്‍റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിലേല്‍പിക്കും. തന്നെ നേരിടാന്‍ ഫിലിസ്ത്യന്‍ അടുക്കുന്നതുകണ്ട് ദാവീദ് അവനോടെതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി. ദാവീദ് സഞ്ചിയില്‍നിന്ന് ഒരു കല്ലെടുത്ത് കവിണയില്‍വച്ച് ഗോലിയാത്തിന്‍റെ നെറ്റിക്ക് ആഞ്ഞെറിഞ്ഞു. കല്ല് നെറ്റിയില്‍ത്തന്നെ തറച്ചുകയറി. അവന്‍ മുഖം കുത്തി നിലംപതിച്ചു. അങ്ങനെ ദാവീദ് കല്ലും കവിണയുമായി ഗോലിയാത്തിനെ നേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്‍റെ കൈയില്‍ വാളില്ലായിരുന്നു. ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിന്‍റെമേല്‍ കയറിനിന്ന് അവന്‍റെ വാള് ഉറയില്‍നിന്ന് വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്ത്യര്‍ തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(144:1,2,9-10)
R (v.1a) എന്‍റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
1. എന്‍റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! യുദ്ധം ചെയ്യാന്‍ എന്‍റെ കൈകളെയും പടപൊരുതാന്‍ എന്‍റെ വിരലുകളെയും അവിടുന്നു പരിശീലിപ്പിക്കുന്നു.
R എന്‍റെ അഭയശിലയായ…………..
2. അവിടുന്നാണ് എന്‍റെ അഭയശിലയും. ദുര്‍ഗവും, ശക്തികേന്ദ്രവും; എന്‍റെ വിമോചകനും പരിചയും ആയ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; അവിടുന്നു ജനതകളെ കീഴടക്കുന്നു.
R എന്‍റെ അഭയശിലയായ…………..
3. ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ കീര്‍ത്തനം പാടും. ദശതന്ത്രീനാദത്തോടെ ഞാന്‍ അങ്ങയെ പുകഴ്ത്തും. അങ്ങാണു രാജാക്കന്‍മാര്‍ക്കു വിജയം നല്‍കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.
R എന്‍റെ അഭയശിലയായ…………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.മത്താ.4:23) യേശു രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (3:1-6)
(സാബത്തില്‍ ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ
ഏതാണ് നിയമാനുസൃതം)
അക്കാലത്ത്, യേശു വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍ വേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here