രണ്ടാം വാരം : തിങ്കള്‍ – 10/12/2018

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (35:1-10)
(ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും)
വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അത് പാടി ഉല്ലസിക്കും. ലബനോന്‍റെ മഹത്വവും കാര്‍മെലിന്‍റെയും ഷാരോന്‍റെയും പ്രതാപവും അതിനു ലഭിക്കും. അവ കര്‍ത്താവിന്‍റെ മഹത്വം, നമ്മുടെ ദൈവത്തിന്‍റെ പ്രതാപം, ദര്‍ശിക്കും. ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്‍റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും. അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്‍റെ നാവ് സന്തോഷത്തിന്‍റെ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും. തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും. കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും; പുല്ലും ഞാങ്ങണയും കോരപ്പുല്ലും ആയി പരിണമിക്കും. അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും; വിശുദ്ധവീഥി എന്ന് അതു വിളിക്കപ്പെടും. അശുദ്ധര്‍ അതിലൂടെ കടക്കുകയില്ല. ഭോഷര്‍ക്കുപോലും അവിടെ വഴി തെറ്റുകയില്ല. അവിടെ സിംഹം ഉണ്ടായിരിക്കുകയില്ല. ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല. അവയെ അവിടെ കാണുകയില്ല. രക്ഷിക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും. കര്‍ത്താവിന്‍റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും. അവര്‍ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(85: 8-9,10-11,12-13)
R (v .ഏശ.35: 4c) ഇതാ, നമ്മുടെ ദൈവം തന്നെ വന്ന് നമ്മെ രക്ഷിക്കും.
1. കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വ്വം തന്നിലേക്കു തിരിയുന്ന തന്‍റെ വിശുദ്ധര്‍ക്കുതന്നെ. അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
R ഇതാ, നമ്മുടെ………….
2. കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുബിക്കും. ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
R ഇതാ, നമ്മുടെ………….
3. കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.
R ഇതാ, നമ്മുടെ………….
അല്ലേലൂയാ!
അല്ലേലൂയാ! ഇതാ, ഭൂമിയുടെ നാഥനായ രാജാവ് എഴുന്നള്ളുന്നു. അവിടുന്നു തന്നെ നമ്മുടെ അടിമത്വത്തിന്‍റെ നുകത്തില്‍ നിന്നു നമ്മെ മോചിപ്പിക്കും. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (5:17-26)
(അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു)
ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍നിന്നും യൂദയായില്‍നിന്നും ജറുസലേമില്‍നിന്നും ഫരിസേയരും നിയമാദ്ധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്‍റെ ശക്തി അവനില്‍ ഉണ്ടായിരുന്നു. അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത് യേശുവിന്‍റെ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്‍റെ മുമ്പിലേക്ക് ഇറക്കി. അവരുടെ വിശ്വാസം കണ്ട് അവന്‍ പറഞ്ഞു: മനുഷ്യാ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുക? അവരുടെ വിചാരം മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്? ഏതാണ് എളുപ്പം. നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു തളര്‍വാതരോഗിയോട് പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. ഉടനെ, എല്ലാവരും കാണ്‍കേ, അവന്‍ എഴുന്നേറ്റ് കിടക്കയുമെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കുപോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here