രണ്ടാം വര്‍ഷം – 9/7/2018

ഒന്നാം വായന
ഹോസിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(2:14,15b-16, 19-20)
(എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും. അവളുടെ യുവത്വത്തിലന്നപോലെ, ഈജിപ്തില്‍നിന്ന് അവള്‍ പുറത്തുവന്നപ്പോഴെന്നപോലെ, അവിടെ വച്ച് അവള്‍ എന്‍റെ വിളി കേള്‍ക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്‍റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല.
എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(145:2-3,4-5,6-7,8-9)
R (v.8a) കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.
1. എന്‍റെ ദൈവമായ രാജാവേ, അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.
R കര്‍ത്താവു കൃപാലുവും………….
2. തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും. അവിടുത്തെ പ്രതാപത്തിന്‍റെ മഹത്വപൂര്‍ണ്ണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അത്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും.
R കര്‍ത്താവു കൃപാലുവും………….
3. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും; ഞാന്‍ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും. അവിടുത്തെ സമൃദ്ധമായ നന്‍മയുടെ പ്രശസ്തി അവര്‍ വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റി അവര്‍ ഉച്ചത്തില്‍ പാടും.
R കര്‍ത്താവു കൃപാലുവും………….
4. കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്‍റെ സര്‍വസൃഷ്ടിയുടെയുംമേല്‍ അവിടുന്നു കരുണ ചൊരിയുന്നു.
R കര്‍ത്താവു കൃപാലുവും………….
അല്ലേലൂയാ!
അല്ലേലൂയാ!(cf.2.തിമോ.1:10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും സുവിശേഷത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (9:18-26)
(എന്‍റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍
കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്‍റെ മകള്‍ അല്‍പം മുമ്പു മരിച്ചു പോയി. നീ വന്ന് അവളുടെ മേല്‍ കൈ വയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും. യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു. അവന്‍റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി. എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.
യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു: നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു. ഈ വാര്‍ത്ത നാട്ടിലെങ്ങും പരന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here