രണ്ടാം വര്‍ഷം – 8/6/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് എഴുതിയ
രണ്ടാം ലേഖനത്തില്‍നിന്ന് (3:10-17)
(യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍
ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും )
വാത്സല്യമുള്ളവനേ. ഞാന്‍ പഠിപ്പിച്ച സത്യങ്ങളും എന്‍റെ ജീവിതരീതിയും ലക്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു. യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും. എന്നാല്‍, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമായി നില്‍ക്കുക. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119:157+60,161,+165,166+168)
R (v.165a) കര്‍ത്താവേ, അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവര്‍ക്ക് ശാന്തി ലഭിക്കും.
1. എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ ശത്രുക്കളും വളരെയാണ്; എങ്കിലും, ഞാന്‍ അങ്ങയുടെ കല്‍പനകള്‍ വിട്ടുമാറുന്നില്ല. അങ്ങയുടെ വചനത്തിന്‍റെ സാരാംശം സത്യം തന്നെയാണ്; അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്; അവ എന്നേക്കും നിലനില്‍ക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ ………….
2. രാജാക്കന്‍മാര്‍ അകാരണമായി എന്നെ പീഡിപ്പിക്കുന്നു; എങ്കിലും, എന്‍റെ ഹൃദയം അങ്ങയുടെ വചനത്തിന്‍റെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു. അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവര്‍ക്ക് ശാന്തി ലഭിക്കും; അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല.
R കര്‍ത്താവേ, അങ്ങയുടെ ………….
3. കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷയില്‍ പ്രത്യാശവയ്ക്കുന്നു; അങ്ങയുടെ പ്രമാണങ്ങള്‍ അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു. അങ്ങയുടെ പ്രമാണങ്ങളും കല്‍പനകളും ഞാന്‍ പാലിക്കുന്നു; എന്‍റെ വഴികള്‍ അങ്ങയുടെ കണ്‍മുന്‍പിലുണ്ടല്ലോ.
R കര്‍ത്താവേ, അങ്ങയുടെ ………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:23) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെയടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും – അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (12:35-37)
(ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്ന് എങ്ങനെ പറയുവാന്‍ കഴിയും? )
അക്കാലത്ത്, ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്ന് നിയമജ്ഞര്‍ പറയുന്നതെങ്ങനെ? പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്തു. ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക. ദാവീദുതന്നെ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ അവന്‍റെ പുത്രനാകുന്നത്? ജനക്കൂട്ടം സന്തോഷപൂര്‍വം അവന്‍റെ വാക്കുകള്‍ ശ്രവിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here