രണ്ടാം വര്‍ഷം – 7/6/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് എഴുതിയ
രണ്ടാം ലേഖനത്തില്‍നിന്ന് (2:8-15)
(ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. നാം അവനോടുകൂടെ
മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും )
വാത്സല്യമുള്ളവനേ. എന്‍റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്‍റെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക. ആ സുവിശേഷത്തിനുവേണ്ടിയാണ് ഞാന്‍ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്കുവരെ അധീനനാകുന്നത്. എന്നാല്‍, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. അതിനാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.
ഈ വചനം വിശ്വാസയോഗ്യമാണ്; നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും. നാം ഉറച്ചുനില്‍ക്കുമെങ്കില്‍ അവനോടുകൂടി വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല. ഇത് അവരെ അനുസ്മരിപ്പിക്കുക; വാക്കുകളെച്ചൊല്ലി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളു. സത്യത്തിന്‍റെ വചനം ഉചിതമായി കൈകാര്യംചെയ്തുകൊണ്ട്, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുന്‍പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്സാഹപൂര്‍വം പരിശ്രമിക്കുക.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(25:4-5ab,8-9,10-14)
R (v.4b) കര്‍ത്താവേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
1. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
R കര്‍ത്താവേ, അങ്ങയുടെ ………….
2. കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ ………….
3. കര്‍ത്താവിന്‍റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്നേഹവുമാണ്. കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്. അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കും.
R കര്‍ത്താവേ, അങ്ങയുടെ ………….
അല്ലേലൂയാ!
അല്ലേലൂയാ! (cf.2.തിമോ.1:10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്‍റെ സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തു- അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (12:28b-34)
(എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ് …….ഇതുപോലെതന്നെയത്രേ
രണ്ടാമത്തെ കല്പനയും)
അക്കാലത്ത്, ഒരു നിയമജ്ഞന്‍ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണശക്തിയോടുകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്നേഹഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകെലയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here