രണ്ടാം വര്‍ഷം – 6/9/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (3:18-23)
(സമസ്തവും നിങ്ങളുടേതാകുന്നു; നിങ്ങള്‍ ക്രിസ്തുവിന്‍റേതും,
ക്രിസ്തു ദൈവത്തിന്‍റേതുമാണ്)
സഹോദരരേ, ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷം യഥാര്‍ത്ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്‍റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്. അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ത്ഥങ്ങളാണെന്നു കര്‍ത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍, മനുഷ്യരുടെ പേരില്‍ നിങ്ങള്‍ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്. പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. നിങ്ങളാകട്ടെ ക്രിസ്തുവിന്‍റേതും, ക്രിസ്തു ദൈവത്തിന്‍റേതും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(24:1-2,3-4,5-6)
R (v.1a) ഭൂമിയും അതിലെ സമസ്ത വസ്തുക്കളും കര്‍ത്താവിന്‍റേതാണ്.
1. ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍റേതാണ്. സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
R ഭൂമിയും അതിലെ സമസ്ത………..
2. കര്‍ത്താവിന്‍റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും? കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍, മിഥ്യയുടെ മേല്‍ മനസ്സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.
R ഭൂമിയും അതിലെ സമസ്ത………..
3. അവന്‍റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍റെ ദൈവത്തെ തേടുന്നത്.
R ഭൂമിയും അതിലെ സമസ്ത………..
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.4:19) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (5:1-11)
(എല്ലാം ഉപേക്ഷിച്ച് അവര്‍ അവിടുത്തെ അനുഗമിച്ചു)
അക്കാലത്ത്, ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ യേശുവിനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്‍റെ തീരത്തു നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്‍റേതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്‍റെ കാല്‍ക്കല്‍വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നു പറഞ്ഞു. എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്‍റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്‍റെ പങ്കുകാരായ സെബദീപുത്രന്‍മാര്‍ – യാക്കോബും യോഹന്നാനും – വിസ്മയിച്ചു. യേശു ശിമയോയോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here