രണ്ടാം വര്‍ഷം – 6/5/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് എഴുതിയ
രണ്ടാം ലേഖനത്തില്‍നിന്ന് (1:1-3,6-12)
(എന്‍റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടു
ഉജ്ജ്വലിപ്പിക്കണം )
യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താല്‍ യേശുക്രിസ്തുവിന്‍റെ അപ്പസ്തോലനായ പൗലോസ്, പ്രേഷ്ഠപുത്രനായ തിമോത്തേയോസിന്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും. രാവും പകലും എന്‍റെ പ്രാര്‍ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്‍റെ പിതാക്കന്‍മാര്‍ ചെയ്തതുപോലെ നിര്‍മലമനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
എന്‍റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാല്‍, ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്‍കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്‍റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്‍റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കുവഹിക്കുക. അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയും യുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തുവില്‍ നമുക്കു നല്‍കിയ കൃപാവരമനുസരിച്ചുമാണ്. ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്‍റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ സുവിശേഷത്തിന്‍റെ പ്രഘോഷകനും അപ്പസ്തോലനും പ്രബോധകനുമായി ഞാന്‍ നിയമിതനായിരിക്കുന്നു. ഇക്കാരണത്താലാണ് ഞാന്‍ ഇപ്പോള്‍ ഇവയെല്ലാം സഹിക്കുന്നത്. ഞാന്‍ അതില്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്‍പിച്ചിരിക്കുന്നവയെല്ലാം ആ ദിവസംവരെയും ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ അവനു കഴിയുമെന്നും എനിക്കു പൂര്‍ണബോദ്ധ്യമുണ്ട്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(123:1-2A.2bd)
R (v.1) കര്‍ത്താവേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.
1. സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. ദാസന്‍മാരുടെ കണ്ണുകള്‍ യജമാനന്‍റെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
R കര്‍ത്താവേ, ………….
2. ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
R കര്‍ത്താവേ, ………….

അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.11:25a,26) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (12:18-27)
(അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്)
അക്കാലത്ത്, പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍റെ സഹോദരന്‍ അവളെ ഭാര്യയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശയുടെ കല്‍പനയില്‍ ഉണ്ട്. ഒരിടത്ത് ഏഴു സഹോദരന്‍മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു. അവന്‍ സന്താനമില്ലാതെ മരിച്ചു. രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്? എന്തെന്നാല്‍, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല, മറിച്ച്, അവര്‍ സ്വര്‍ഗത്തിലെ ദൂതന്‍മാരെപ്പോലെയായിരിക്കും. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്‍റെ ദൈവവും ഇസഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആണ്. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റുപറ്റിയിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here