രണ്ടാം വര്‍ഷം – 6/11/2018

ഒന്നാം വായന
        വി. പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക്
           എഴുതിയ ലേഖനത്തില്‍നിന്ന് (2: 5-11)
              (യേശു തന്നെത്തന്നെ താഴ്ത്തി; ആകയാല്‍, ദൈവം അവനെ
                                   അത്യധികം ഉയര്‍ത്തി)
സഹോദരരേ, യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണംവരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനുംവേണ്ടിയാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 22:25b -26,27-29a,30-31)
R (v.25a) ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
1. അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
R ദൈവമേ, മഹാസഭയില്‍…………..
2. ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും. എന്തെന്നാല്‍, രാജത്വം കര്‍ത്താവിന്‍റേതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു. ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും.
R ദൈവമേ, മഹാസഭയില്‍…………..
3. പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും. ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്ഘോഷിക്കും.
R ദൈവമേ, മഹാസഭയില്‍…………..
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.11:28) കര്‍ത്താവ് അരുളിച്ചെയ്യുന്നു: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (14:15-24)
     (പൊതുവഴികളിലും ഇടവഴികളിലും ചെന്ന്, എന്‍റെ വീടു നിറയുവോളം
                   ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്ധിക്കുക)
അക്കാലത്ത്, യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ഒരുവന്‍ അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍. അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്ഷണിക്കുകയും ചെയ്തു. സദ്യയ്ക്കു സമയമായപ്പോള്‍ അവന്‍ ദാസനെ അയച്ചു ക്ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു. എന്നാല്‍, അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചുജോഡി കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചുനോക്കുവാന്‍ പോകുന്നു; എനിക്കു ഒഴിവുതരണം എന്ന് അപേക്ഷിക്കുന്നു. മൂന്നാമതൊരുവന്‍ പറഞ്ഞു: എന്‍റെ വിവാഹം കഴിഞ്ഞതേയുള്ളു. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല. ആ ദാസന്‍ തിരിച്ചുവന്ന് യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥന്‍ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്‍റെ തെരുവുകളിലും ഊടുവഴികഴിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക. അനന്തരം ആ ദാസന്‍ പറഞ്ഞു: യജമാനനേ, നീ കല്‍പിച്ചതുപോലെ ഞാന്‍ ചെയ്തു. ഇനിയും സ്ഥലമുണ്ട്. യജമാനന്‍ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളിലും ചെന്ന്, എന്‍റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്ധിക്കുക. എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്‍റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here